X

ഉന്നതരെ വട്ടമിട്ട് ജേക്കബ് തോമസിന്റെ ആത്മകഥ, പ്രകാശനം ഇന്ന്

 

തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷണത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല തൃപ്തനായിരുന്നെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയിലാണ് രാഷ്ട്രീയത്തിലെ ഉന്നതരെ അനുകൂലിച്ചും വിമര്‍ശിച്ചും ജേക്കബ് തോമസ് എഴുതിയിരിക്കുന്നത്. സപ്ലൈകോയില്‍ നിന്ന് തന്നെ പുറത്താക്കിയ ശേഷം തന്റെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പിലാക്കിയ വഞ്ചകനാണ് സി. ദിവാകരനെന്നും പുസ്‌കത്തില്‍ പരാമര്‍ശമുണ്ട്. പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രകാശനം ചെയ്യും.
വിജിലന്‍സ് ഡയറക്ടറായിരിക്കെ തന്റെ അന്വേഷണ കാര്യങ്ങളില്‍ ചെന്നിത്തല ഇടപെട്ടിരുന്നില്ല. തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. സി. ദിവാകരനൊപ്പം ആര്‍. ബാലകൃഷ്ണ പിള്ളയാണ് ജേക്കബ് തോമസിന്റെ രൂക്ഷവിമര്‍ശനത്തിനിരയായ മറ്റൊരു പ്രമുഖന്‍.
സപ്ലൈകോയില്‍ സി.എം.ഡിയായിരുന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് പുസ്തകത്തില്‍ കൂടുതലും വിവരിക്കുന്നത്. അഴിമതിക്കാരനായ കരാറുകാരനെതിരെ ശക്തമായ നടപടി സ്വീകരിച്ചപ്പോള്‍ മന്ത്രിയായിരുന്ന സി.ദിവാകരന്‍ തന്റെ കോണ്‍ഫിഡഷ്യല്‍ റിപ്പോര്‍ട്ട് പോലും എഴുതാന്‍ വിമുഖത കാണിച്ചു. സപ്ലൈകോയിലെ ക്രമക്കേടുകള്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. മന്ത്രിസഭയിലെ ഒരു ഉന്നതന്റെ ആവശ്യപ്രകാരം തന്നെ സപ്ലൈകോയില്‍ നിന്നു മാറ്റുന്നതായി സി.ദിവാകരന്‍ ഫോണ്‍ വിളിച്ചുപറഞ്ഞു. തന്നെ പുറത്താക്കിയശേഷം തന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കിയ വഞ്ചകനാണ് അദ്ദേഹം. ഗണേഷ്‌കുമാറിനെ മാറ്റി ആര്‍. ബാലകൃഷ്ണ പിള്ള ഗതാഗതമന്ത്രിയായപ്പോള്‍ വകുപ്പില്‍ അഴിമതി കുന്നുകൂടിയതായും ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു.
31 വര്‍ഷത്തെ സര്‍വീസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ജേക്കബ് തോമസിന്റെ ആത്മകഥയില്‍ വിവരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരിക്കെ അബ്ദുള്‍ നാസര്‍ മദനിയുടെ അറസ്റ്റിനെ എതിര്‍ത്തിരുന്നു. അറസ്റ്റ് വൈകിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും ചില കരുനീക്കങ്ങള്‍ അറസ്റ്റിനു പിന്നിലുണ്ടായെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു. ഒരു ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ജനവഞ്ചകനെന്ന് മുദ്രകുത്താന്‍ വാര്‍ത്താസമ്മേളനം വിളിച്ച ഏക മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നും ആത്മകഥയില്‍ പറയുന്നു.

chandrika: