X
    Categories: keralaNews

പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് മാര്‍ക്ക്; നീന്തല്‍ സാക്ഷ്യപത്രം നേടാന്‍ നെട്ടോട്ടം

ഫൈസല്‍ മാടായി
കണ്ണൂര്‍

നീന്തല്‍ സാക്ഷ്യപത്രത്തിനായി വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുമ്പോഴും തദ്ദേശ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സൗകര്യമൊരുക്കുന്നതില്‍ നടപടിയില്ല. കേമ്പുകളിലെത്തി സാക്ഷ്യപത്രം സ്വീകരിക്കാന്‍ സാധിക്കാതെ വലയുന്നത് നീന്തലില്‍ കഴിവ്തളിയിച്ചവരും. പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് മാര്‍ക്കിനായി പത്തിന്റെ കടമ്പ കടന്നവരുടെ നെട്ടോട്ടം.

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച നീന്തല്‍ അറിയാവുന്ന വിദ്യാര്‍ഥികളാണ് അധികൃതരുടെ അനാസ്ഥയില്‍ ബോണസ് മാര്‍ക്കിനായി നെട്ടോട്ടമോടുന്നത്. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന മുറയ്ക്ക് സ്‌പോര്‍ട്‌സ് അംഗീകാരത്തോടെ ബോണസ് മാര്‍ക്ക് അനുവദിച്ചിരുന്നുവെന്നിരിക്കെയാണ് നീന്തല്‍ സാക്ഷ്യപത്രത്തിനായി വിദ്യാര്‍ഥികളുടെ നെട്ടോട്ടം. ഇതോടെ നീന്തല്‍ അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് ലഭിക്കുന്ന ബോണസ് മാര്‍ക്കിനായി സാക്ഷ്യപത്രം നല്‍കുന്നത് കടുത്ത പ്രയാസം സൃഷ്ടിക്കുകയാണ്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന ട്രയല്‍സിലൂടെയാണ് 10 മീറ്റര്‍ നീന്തുന്നവര്‍ക്ക് സാക്ഷ്യപത്രം നല്‍കുന്നത്. ഇത് അപ്ലോഡ് ചെയ്ത് ഏകജാലക സംവിധാനത്തില്‍ അപേക്ഷിക്കുമ്പോള്‍ രണ്ട് മാര്‍ക്കാണ് ബോണസായി ലഭിക്കുക. മുന്‍ വര്‍ഷം ഏകദേശം 9800ലധികം വിദ്യാര്‍ഥികള്‍ക്കാണ് നീന്തല്‍ സാക്ഷ്യപത്രത്തിന്റെ ആനുകൂല്യം ലഭിച്ചത്. സാധാരണ നിലയ്ക്കപ്പുറം കൂടുതല്‍ പേര്‍ ബോണസ് മാര്‍ക്കും നേടിയിരുന്നു. കഴിഞ്ഞ തവണ നീന്തല്‍ അറിയാത്തവര്‍ക്ക് വരെ സാക്ഷ്യപത്രം നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ഇത്തവണ എസ്എസ്എല്‍സി ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ നടപടി വകുപ്പ് തലത്തിലുണ്ടാകാത്തതിനാല്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വലിയ പ്രയാസമാണുണ്ടാക്കിയത്. വിദ്യാര്‍ഥികളില്‍ പലര്‍ക്കും തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷ്യപത്രവുമായി ദിനേന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ കയറിയിറങ്ങേണ്ട അവസ്ഥയായിരുന്നു. അറിയിപ്പ് വന്നതിന് ശേഷം വരാനായിരുന്നു നിര്‍ദേശം. എന്നാല്‍ കൃത്യമായ സൗകര്യമൊരുക്കുന്നതില്‍ നടപടി സ്വീകരിക്കാത്തത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലക്കുകയായിരുന്നു. കായിക വകുപ്പ് മന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയപ്പോഴും വ്യക്തത നല്‍കാന്‍ ബന്ധപ്പെട്ടവര്‍ നടപടി കൈകൊണ്ടിരുന്നില്ല. കണ്ണൂരില്‍ നിശ്ചിത ദിവസങ്ങളിലായി മാങ്ങാട്ടുപറമ്പ് സര്‍വകലാശാല സ്വിമ്മിംഗ് പൂളിലും പിണറായി സ്വിമ്മിംഗ് പൂളിലുമാണ് സാക്ഷ്യപത്രവുമായി ബന്ധപ്പെട്ട സൗകര്യമൊരുക്കാറ്.

ഈ സൗകര്യം സമീപ പ്രദേശങ്ങളിലെ സ്വിമ്മിംഗ് പൂളുകള്‍ കേന്ദ്രീകരിച്ചും ഒരുക്കണമെന്നാണ് വിവിധ മേഖലകളില്‍ നിന്നുയരുന്ന ആവശ്യം. തദ്ദേശ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന സൗകര്യമൊരുക്കിയാല്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രയാസമകറ്റാനാകുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Chandrika Web: