കൊച്ചി: ഓണം ആഘോഷിക്കുന്നതിന് നാട്ടിലെത്താന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളടക്കമുള്ള ബെംഗളൂരു മലയാളികള്‍ക്ക് കനത്ത തിരിച്ചടിയായി അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളിലെ യാത്രാനിരക്കുകള്‍. വിമാന ടിക്കറ്റ്് നിരക്കിനെയും കടത്തിവെട്ടിയാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ കുത്തനെ നിരക്കുയര്‍ത്തുന്നത്. യാത്രാ നിരക്ക്് റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്നിട്ടും കേരള സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ശക്തമായ വിമര്‍ശനം നിലനില്‍ക്കുകയാണ്. മലയാളികള്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ പ്രാഥമിക ഉത്തരവാദിത്തമുള്ള കെ എസ് ആര്‍ ടി സി കൂടുതല്‍ ബസുകള്‍ ഓടിച്ച് അവസരത്തിനൊത്തുയരാന്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഉത്സവകാലങ്ങളില്‍ നിരക്ക് വര്‍ധന പതിവാണെങ്കിലും ഇതുപോലൊരു തീ വെട്ടിക്കൊള്ള ഇതാദ്യമാണ്.
ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലും കെ എസ് ആര്‍ ടി സി ബസുകളിലും നേരത്തെ തന്നെ ബുക്കിംഗ് പൂര്‍ത്തിയായതിനാല്‍ സ്വകാര്യ ബസുകളാണ് സാധാരണക്കാര്‍ക്ക് ആശ്രയം. ബംഗളൂരുവില്‍ നിന്നുള്ള എല്ലാ ട്രെയിനുകളിലും ഓണം വരെയുള്ള ദിവസങ്ങളില്‍ എല്ലാ കാറ്റഗറി സീറ്റുകളും വളരെ നീണ്ട വെയ്റ്റിംഗ് ലിസ്റ്റിലാണ്. കെഎസ്ആര്‍ടിസി ഫ്‌ളെക്‌സി അടിസ്ഥാനത്തില്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെങ്കിലും അതിലും സീറ്റ് ലഭ്യമല്ല. സ്വകാര്യ ബസുകളില്‍ ഈ ദിവസങ്ങളില്‍ തന്നെ രണ്ടായിരത്തിന് മുകളിലാണ് നിരക്കുകള്‍ തുടങ്ങുന്നത്. എസി സ്ലീപ്പറില്‍ സീറ്റൊന്നിന് 3000 രൂപക്കടുത്ത് വേണ്ടിവരും. ഓണത്തലേന്ന് ബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസ് നിരക്ക് ഒരു സീറ്റിന് നാലായിരത്തിന് മുകളിലാണ്. അതിലും കുറവാണ് ബംഗളൂരു കൊച്ചി വിമാന നിരക്ക്. അത്യാവശ്യക്കാര്‍ മാത്രമാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കി ഈ ദിവസങ്ങളില്‍ യാത്ര ചെയ്യുന്നത്. കുടുംബ സമേതം കേരളത്തിലെത്തി ഓണമാഘോഷിക്കാന്‍ ഒരുങ്ങിയ പലരും കനത്ത നിരക്ക് കണ്ട് ഓണം ബെംളൂരുവില്‍ തന്നെ ആഘോഷിക്കാന്‍ തീരുമാനിച്ചു.
കേരളം ഫ്‌ളെക്‌സി നിരക്ക് ഈടാക്കുമ്പോള്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണ്. സ്വകാര്യ ബസുകളേക്കാള്‍ നിരക്ക് കുറവാണെങ്കിലും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും ബുക്കിംഗ് അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും മലയാളികള്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി നല്‍കുന്നതിനേക്കാള്‍ മികച്ച സേവനം കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നല്‍കുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. തിരക്ക് പരിഗണിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തീരുമാനിച്ചപ്പോഴും കെ എസ് ആര്‍ ടി സി യും സംസ്ഥാന സര്‍ക്കാരും ഒരു നടപടിയും ഇതു വരെ സ്വീകരിച്ചിട്ടില്ല.