മുംബൈ: വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ ബാങ്കുകള്‍ തുടങ്ങാനുള്ള ആര്‍ബിഐ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യയും. ബോംബ് വീഴുന്നത് പോലെ (ബോംബ്‌ഷെല്‍) എന്നാണ് ഇരുവരും നിര്‍ദേശത്തെ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച ഇരുവരും ചേര്‍ന്നെഴുതിയ ലേഖനത്തിലാണ് പുതിയ നിര്‍ദേശങ്ങളെ വിമര്‍ശിക്കുന്നത്.
പുതിയ നിര്‍ദേശങ്ങള്‍ അലമാരയില്‍ സൂക്ഷിക്കുയാണ് നല്ലത് എന്നാണ് ഇരുവരും പറയുന്നത്. സ്വയം കടക്കാരായ ബാങ്കുകള്‍ക്ക് എങ്ങനെയാണ് നല്ല വായ്പകള്‍ നല്‍കുന്ന ബാങ്കുകള്‍ ഉണ്ടാക്കാന്‍ കഴിയുക എന്ന ചോദ്യമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്.
‘ഇത്തരം വായ്പകള്‍ ദുരന്തമാണ്. കടക്കാരന്‍ ആയിരിക്കെ എങ്ങനെയാണ് ഇത്തരം ബാങ്കുകള്‍ മികച്ച വായ്പകല്‍ നല്‍കുക? ലോകത്തിലെ മുക്കിലും മൂലയിലുമുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കഴിയുന്ന, സ്വതന്ത്ര റെഗുലേറ്ററി അതോറ്റിക്ക് പോലും മോശം വായ്പ നല്‍കുന്നത് നിര്‍ത്താന്‍ ആകുന്നില്ല. വായ്പാ പ്രകടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമേ ആയിട്ടില്ല’ – ലേഖനം ചൂണ്ടിക്കാട്ടുന്നു.
ചില ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക (രാഷ്ട്രീയ) അധികാരങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇത്തരം ബാങ്കുകള്‍ കാരണമാകും എന്നും അവര്‍ എഴുതി.
കഴിഞ്ഞയാഴ്ചയാണ് വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ബാങ്കുകള്‍ തുടങ്ങാമെന്ന നിര്‍ദേശം ആര്‍ബിഐ പാനല്‍ സമര്‍പ്പിച്ചത്.