ദൈവത്തിന്റെ സ്വന്തം നാടിനെ പിണറായി വിജയന്‍ എന്ന കഴിവുകെട്ട ഭരണാധികാരി ‘ക്രിമിനലുകളുടെ സ്വന്തം നാട് ‘ ആക്കി മാറ്റിയിരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
കണ്ണൂരില്‍ വിവാഹത്തിനിടയില്‍ നടന്ന ബോംബേറ് കേരള സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേട്ടു കേള്‍വി ഇല്ലാത്തതാണ്. സി പി എമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും വന്ന കൊടും ക്രിമിനലുകളാണ് വിവാഹ സംഘത്തിന് നേരേ ബോംബെറിഞ്ഞതെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരങ്ങള്‍. ലക്ഷ്യം വെച്ചത് മറ്റാരെയോ ആണെങ്കിലും ബോംബെറിയാന്‍ വന്ന സഖാവ് തന്നെ ദാരുണമായി കൊല്ലപ്പെട്ടു. ദൃശ്യങ്ങള്‍ പുറത്തു വന്നില്ലായിരുന്നെങ്കില്‍ ‘എന്തിന് കൊന്നു കോണ്‍ഗ്രസേ?’ എന്ന നുണപ്രചാരണവുമായി നാണവും മാനവുമില്ലാതെ സഖാക്കള്‍ രംഗത്ത് വന്നേനേ കെ സുധാകരന്‍ പറഞ്ഞു.
കുടില്‍ വ്യവസായം പോലെ സിപിഎമ്മിന്റെയും ബിജെപിയുടെയും ബോംബ് നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിട്ടും സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് സംവിധാനം നോക്കുകുത്തിയായി നില്‍ക്കുന്നു.വിവാഹത്തിന് ഒരേ വേഷത്തില്‍ എത്തിയ യുവാക്കള്‍ മുന്‍കൂട്ടി ബോംബ് എറിയാന്‍ പദ്ധതി ഇട്ടിരുന്നോ? ബോംബ് ശേഖരം എവിടെയാണ്? എവിടെയാണ് ബോംബ് നിര്‍മാണ യൂണിറ്റ്? തുടങ്ങിയ എല്ലാ കാര്യങ്ങളും ഉടന്‍ തന്നെ അന്വേഷണവിധേയമാക്കണം. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത് അദ്ദേഹം പറഞ്ഞു.
ജയിലില്‍ കിടന്ന് മരിച്ച കൊലയാളിയ്ക്ക് വരെ സ്മാരകം പണിയുന്ന, കൊലപാതകികളെ ജയിലില്‍ നിന്നിറക്കി കല്യാണം നടത്തിക്കൊടുക്കുന്ന , ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് വീട് വെച്ചു കൊടുക്കുന്ന സിപിഎമ്മിനെ പോലുള്ള ക്രിമിനല്‍ പാര്‍ട്ടികള്‍ ബോംബ് നിര്‍മിക്കുന്നതിലും കൂട്ടത്തിലൊരുത്തനെ ബോംബെറിഞ്ഞ് കൊല്ലുന്നതിലും അത്ഭുതമൊന്നുമില്ല. പക്ഷേ സാധാരണക്കാരന്റെ ജീവന്‍ തുലാസ്സിലാക്കുന്ന തീവ്രവാദ പ്രവര്‍ത്തങ്ങളെ ഉന്മൂലനം ചെയ്യേണ്ട ബാദ്ധ്യത ഭരണകൂടങ്ങള്‍ക്കുണ്ട് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഒരു കാര്യം ഉറപ്പാണ്,’കല്യാണ വീടിന് കാവല്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ട ധീര രക്തസാക്ഷി’ എന്ന വീരപരിവേഷം നല്‍കി, സ്വന്തം പാര്‍ട്ടിക്കാര്‍ ബോംബെറിഞ്ഞ് തല ചിതറിച്ച് കൊന്ന ഈ സഖാവിനെ നാളെ ഒരു കാലത്ത് സിപിഎം തന്നെ വ്യാജ രക്തസാക്ഷിപ്പട്ടികയില്‍ അവതരിപ്പിച്ചിരിക്കും സുധാകരന്‍ പറഞ്ഞു.