X

കോവിഡ്: തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ സര്‍ക്കാര്‍ ബലിയാടാക്കി- രൂക്ഷവിമര്‍ശനവുമായി ബോംബെ ഹൈക്കോടതി

മുംബൈ: കോവിഡ് മഹാമാരി വ്യാപനത്തിന് കാരണമായി എന്ന് ആരോപിച്ച് 29 വിദേശ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത മുംബൈ പൊലീസ് നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. കോവിഡില്‍ ഇവരെ ബലിയാടാക്കുകയാണ് പൊലീസ് ചെയ്യുന്നത് എന്ന് കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

സന്ദര്‍ശക വിസാ ചട്ടം ലംഘിച്ച് ഡല്‍ഹി നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തു, അനധികൃതമായി പള്ളിയില്‍ അഭയം തേടി എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റം. ഇത് കോവിഡ് വ്യാപനത്തിന് കാരണമായി എന്നും പൊലീസ് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു. ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, പകര്‍ച്ച വ്യാധി നിയമം, മഹാരാഷ്ട്ര പൊലീസ് ആക്ട്, ദുരന്തനിവാരണ നിയമം, വിദേശി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.

ആറ് വിദേശികള്‍ക്ക് പുറമേ, ഇവര്‍ക്ക് പള്ളിയില്‍ അഭയം നല്‍കിയ ആറു പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജസ്റ്റിസ് ടി.വി നലവാഡെ, ജസ്റ്റിസ് എം.ജി സെവ്‌ലികാര്‍ എന്നിവര്‍ അടങ്ങുന്ന ഔറംഗാബാദ് ബഞ്ചിന്റേതാണ് വിധി.

‘ഒരു മഹാമാരിയോ ദുരന്തമോ ഉണ്ടാകുന്ന വേളയില്‍ ബലിയാടുകളെ കണ്ടെത്താനാണ് ഒരു രാഷ്ട്രീയ സര്‍ക്കാറിന്റെ ശ്രമം. ഈ വിദേശികള്‍ ബലിയാടാക്കപ്പെട്ടു എന്നാണ് സാഹചര്യങ്ങള്‍ കാണിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇവര്‍ക്കെതിരെ ഇത്തരത്തിലുള്ള നടപടി എടുക്കാന്‍ പാടില്ലായിരുന്നു. ഈ നടപടിയില്‍ ഖേദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതു പരിഹരിക്കാന്‍ ചില ക്രിയാത്മക ചുവടുവയ്പ്പുകള്‍ നടത്തുകയും വേണം’ – എന്നായിരുന്നു കോടതിയുടെ വാക്കുകള്‍.

ഐവറി കോസ്റ്റ്, ഘാന, ടാന്‍സാനി, ജിബൂത്തി, ബെനിന്‍, ഇന്തോനേഷ്യ എന്നിവിടങ്ങൡ നിന്നുള്ളവരാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. തങ്ങള്‍ ശരിയായ വിസയിലാണ് ഇന്ത്യയില്‍ വന്നത് എന്നും ഇവിടുത്തെ സംസ്‌കാരം, പാരമ്പര്യം, ആതിഥ്യമര്യാദ, ഭക്ഷണം എന്നിവ ആസ്വദിക്കാനാണ് എത്തിയത് എന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. അഹ്മദ് നഗര്‍ ജില്ലയില്‍ എത്തുന്നത് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു. മാര്‍ച്ച് 23ലെ ലോക്ക്ഡൗണ്‍ മൂലം സഞ്ചരിക്കന്‍ കഴിയാതെയായി. ഹോട്ടലുകളും ലോഡ്ജുകളും പൂട്ടിയപ്പോഴാണ് പള്ളിയില്‍ അഭയം തേടിയത്- അവര്‍ പറഞ്ഞു.

 

Test User: