X
    Categories: indiaNews

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; ഇന്നലെ മാത്രം സന്ദേശം ലഭിച്ചത് 30 വിമാനങ്ങള്‍ക്ക്

വിമാനങ്ങള്‍ക്ക്  നേരെയുള്ള ബോംബ് ഭീഷണി തുടരുന്നു. ഇന്നലെ മാത്രം ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് 30 വിമാനങ്ങള്‍ക്ക്. എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഇന്‍ഡിഗോയുടെ മംഗളൂരു-മുംബൈ, അഹമ്മദാബാദ്-ജിദ്ദ, ഹൈദരാബാദ്-ജിദ്ദ, ലഖ്‌നോ-പൂണെ വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഭീഷണിയുടെ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിച്ചെന്നും ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികളുടെയും വ്യോമയാന അധികൃതരുടെയും മാര്‍ഗനിര്‍ദേശമനുസരിച്ച് നടപടികള്‍ സ്വീകരിച്ചെന്ന് എയര്‍ ഇന്ത്യ അധികൃതരും പറഞ്ഞു. അതേസമയം വിസ്താര എയര്‍ലൈന്റെയുംവിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായെന്നും അധികൃതര്‍ അറിയിച്ചു.

വിമാനങ്ങള്‍ക്ക് നേരെ നിരന്തരം ബോംബ് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് വിമാനയാത്ര വിലക്ക് ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

നവംബര്‍ ഒന്നു മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കരുതെന്ന് യാത്രക്കാര്‍ക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

 

webdesk17: