മുസ്ലിം നാമത്തില്‍ കുംഭമേളയ്ക്ക് ബോംബ് ഭീഷണി സന്ദേശമയച്ച വിദ്യാര്‍ഥി പൊലിസ് പിടിയില്‍. ബിഹാറിലെ പൂര്‍ണിയ സ്വദേശി ആയുഷ് കുമാര്‍ ജെയ്സ്വാള്‍ (19) ആണ് യു.പി പൊലിസിന്റെ പിടിയിലായത്.
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് (അലഹാബാദ്) നടക്കുന്ന മഹാ കുംഭമേളയ്ക്കു നേരെ ബോംബ് സ്ഫോടനം നടത്തുമെന്നും ആയിരത്തിലേറെ ഹിന്ദുക്കളെ കൊല്ലുമെന്നുമാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആയുഷ് കുമാര്‍ ഭീഷണി സന്ദേശമയച്ചത്. പ്രതിയുടെ അയല്‍വാസിയായ നാസിര്‍ പത്താന് എന്നയാളുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ആയുഷ് കുമാര്‍ ജെയ്സ്വാള്‍ സന്ദേശമയച്ചത്.
ഭീഷണി സന്ദേശം അയച്ച ഫോണിന്റെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ബിഹാറില്‍നിന്ന് പിടികൂടിയ ഇയാളെ പ്രയാഗ്രാജിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുമെന്ന് ഭവാനിപൂര്‍ പൊലിസ് അറിയിച്ചു. സന്ദേശം അയച്ചതിന് പിന്നാലെ ആയുഷ് കുമാര്‍ നേപ്പാള്‍ സന്ദര്‍ശിക്കാന്‍ പോകുകയും ചെയ്തിരുന്നു. ആയുഷിന്റെ നേപ്പാല്‍ യാത്രയും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഭീഷണി സന്ദേശവുമായി ഈ യാത്രയ്ക്ക് പങ്കുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭം ഫെബ്രുവരി 26 വരെ തുടരും. 40 കോടിയോളം സന്ദര്‍ശകരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഡിസംബര്‍ 31 നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉത്തര്‍പ്രദേശിലെ പോലീസ് നടപടിയെടുക്കുകയും അലഹബാദിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുകയുമുണ്ടായി. മുസ്ലിം നാമത്തില്‍ ഭീഷണി സന്ദേശം പുറത്തുവന്നതോടെ സമുഹമാധ്യമങ്ങളിലെ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ വലിയ തോതിലുള്ള മുസ്ലിം വിദ്വേഷ പ്രചാരണമാണ് നടന്നത്.