തിരുവനന്തപുരം കലക്ടറേറ്ററില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഇ-മെയില്‍ മാര്‍ഗമാണ് തിരുവനന്തപുരം ഡിസിപിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റിലുണ്ടായ മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു. കേരള പൊലീസിന്റെ ഡോഗ് സ്‌ക്വാഡായ കെ -9 സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ഫയര്‍ ഫോഴ്സ് സംഘവുമെത്തി പരിശോധന തുടങ്ങി.
എന്നാല്‍ പരിശോധയ്ക്കിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരിക്കേറ്റു.
കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേ സമയം, ഇന്ന് രാവിലെ പത്തനംതിട്ട കലക്ടറേറ്ററിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ വഴി ലഭിക്കുകയായിരുന്നു. ജീവനക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.