തളിപ്പറമ്പ്: നടുവിലില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപം ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. പൊലീസ് റെയ്ഡില്‍ വന്‍ ആയുധ ശേഖരവും കണ്ടെത്തി. ആര്‍എസ്എസ് നടുവില്‍ മണ്ഡലം കാര്യവാഹക് മുതിരമല ഷിബുവിന്റെ വീടിനോട് ചേര്‍ന്നാണ് സ്‌ഫോടനമുണ്ടായത്. ബോംബ് സ്‌ഫോടനത്തില്‍ ഷിബുവിന്റെ മകനും നടുവില്‍ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഗോകുല്‍(ഏഴ്), അയല്‍വാസിയും നടുവില്‍ ടൗണില്‍ ടെയ്‌ലറിംഗ് നടത്തുന്ന ശിവകുമാറിന്റെ മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കജില്‍ (12)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കണ്ണൂര്‍ കൊയിലി ആസ്പത്രിയില്‍ വിദഗ്ധ ചികില്‍സയിലാണ്.
ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഷിബുവിന്റെ ആട്ടുകുളത്തെ വീടിന്റെ സമീപം സൂക്ഷിച്ച സ്റ്റീല്‍ ബോംബ് കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിയാണ് അപകടം. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. വടിവാളും പ്രത്യേക മഴുവുമടങ്ങുന്ന ആയുധങ്ങളാണ് കണ്ടെത്തിയത്. ഇവ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നതിന് സമാനമായവയാണ്. തെരഞ്ഞെടുപ്പ് കാലത്ത് അക്രമം നടത്താനായി സൂക്ഷിച്ച ബോംബുകളാണ് പൊട്ടിയതെന്നും ആരോപണമുണ്ട്.