X
    Categories: Views

തുര്‍ക്കിയിലെ കുര്‍ദ് മേഖലയില്‍ കാര്‍ ബോംബ് സ്‌ഫോടനം: എട്ടു മരണം

ദിയാര്‍ബകിര്‍: തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ കുര്‍ദ് ഭൂരിപക്ഷ മേഖലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും ഡസനിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യദിയാര്‍ബകിറിലാണ് സംഭവം. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ആറ് സിവിലിയന്‍മാരുമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് തുര്‍കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം അറിയിച്ചു. പരിക്കേറ്റവരില്‍ ഏഴു പേരൊഴികെ മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കു ശേഷം പറഞ്ഞയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക സമയം ഇന്നലെ രാവിലെ എട്ട് മണിക്ക് ദിയാര്‍ബകിര്‍ പൊലീസ് സ്റ്റേഷനു സമീപമാണ് കാര്‍ബോംബ് സ്‌ഫോടനമുണ്ടായതെന്ന് പ്രവിശ്യ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം കുര്‍ദിസ്താന്‍ വര്‍കേഴ്‌സ് പാര്‍ട്ടി (പി. കെ.കെ) ഏറ്റെടുത്തു. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സായുധ പോരാട്ടത്തിന് പ്രേരിപ്പിക്കുന്നുവെന്നാരോപിച്ച് കുര്‍ദ് അനുകൂല പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 11 എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സ്‌ഫോടനമുണ്ടായത്. തുര്‍കിയുടെ പ്രശ്‌നബാധിത മേഖലയായ തെക്കു കിഴക്കന്‍ മേഖലയില്‍ നിന്നും പി.കെ.കെ പോരാളികളെ ഉന്‍മൂലനം ചെയ്യുന്നതിനായി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടപടി ആരംഭിച്ചതിന് ശേഷം ദിനേന എന്ന തോതില്‍ മേഖലയില്‍ ആക്രമണം നടക്കുന്നുണ്ട്.

1984ല്‍ പി.കെ.കെ സായുധ പോരാട്ടം ആരംഭിച്ചതു മുതല്‍ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. തുര്‍കിയിലെ ന്യൂനപക്ഷമായ കുര്‍ദുകള്‍ക്ക് സ്വതന്ത്ര രാജ്യം വേണമെന്നാണ് പി.കെ.കെയുടെ ആവശ്യം. ജൂലൈയില്‍ പ്രസിഡണ്ട് രജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെ പട്ടാള അട്ടിമറിക്കു ശ്രമം നടത്തിയതിനു ശേഷം രാജ്യം അടിയന്തരാവസ്ഥക്കു കീഴിലാണുള്ളത്.

chandrika: