പൊലീസ് സംരക്ഷണം ലഭിക്കാന്‍ സ്വന്തം വീടിനു നേരെ ബോംബെറിഞ്ഞ അഖിലേന്ത്യഹിന്ദുമഹാസഭ നേതാവിന് എട്ടിന്റെ പണി കിട്ടി. നേതാവും മകനുമടക്കം 3 പേര് കള്ളക്കുറിച്ചി പൊലീസിന്റെ പിടിയിലായിരിക്കയാണ്.
അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ തമിഴ്നാട് ഘടനം ജനറല്‍ സെക്രട്ടറി പെരി സെന്തില്‍, മകന് ചന്ത്രു, ബോബെറിഞ്ഞ ചെന്നൈ സ്വദേശി മാധവന് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് ഉളുന്തൂര്പ്പെട്ട് കേശവന് നഗറിലെ സെന്തിലിന്റെ വീടിനു നേരെ പെട്രോള്‍ ബോംബാക്രമണമുണ്ടായത്. സെന്തിലും ചന്ത്രുവും സെന്തിലിന്റെ സഹോദരന് രാജീവ് ഗാന്ധിയും ചേര്‍ന്നാണ് ബോംബെറിയാന്‍ പദ്ധതി തയ്യാറാക്കിയത്.
സംഭവത്തിനു ശേഷം ജീവനു ഭീഷണിയുള്ളതായി കാണിച്ച് സെന്തില്‍ പൊലീസിനെ സമീപിച്ചു. തുടർന്ന്, ഭീഷണിയുള്ളതിനാൽ സംരക്ഷണം ആവശ്യപ്പെടുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ രാജീവ് ഗാന്ധിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.