തില്ലങ്കേരി: കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രകടനത്തിന് നേരെ ബോംബേറ്. തില്ലങ്കേരിയിലാണ് സംഭവം. പടിക്കച്ചാല്‍ സ്വദേശി റാസിഖിന് പരിക്കേറ്റു. പിന്നില്‍ ആര്‍എസ്എസാണെന്ന് എസ്ഡിപിഐ നേതാക്കള്‍ ആരോപിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയായിരുന്നു ബോംബേറ്.
കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സഹോദരിമാര്‍ക്കൊപ്പം കാറില്‍ കൂത്തുപറമ്പില്‍ നിന്നും കണ്ണവത്തെ വീട്ടിലേക്ക് പോവുകയായിരുന്നു സലാഹുദീന്‍. ചുണ്ടയില്‍ വെച്ച് ഇവരുടെ കാറിന് പിന്നില്‍ ഒരു ബൈക്ക് ഇടിക്കുകയും ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ റോഡിലേക്ക് വീഴുകയും ചെയ്തു. ഇതേതുടര്‍ന്ന് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ഈ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ് റോഡില്‍ വീണ സലാഹുദ്ദീനെ റോഡിനരികിലേക്ക് വലിച്ചിട്ട ശേഷം ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
ഒപ്പമുണ്ടായിരുന്ന സഹോദരിമാരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തി തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എബിവിപി നേതാവായിരുന്ന ശ്യാമ പ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്‍.