ലണ്ടന്‍: ട്രാക്കിലെ വേഗ രാജാവ് സ്വര്‍ണ തിളക്കത്തോടെ കരിയര്‍ അവസാനിപ്പിക്കാന്‍ തയാറെടുക്കുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ ട്രാക്കിനോട് വിടപറയാനൊരുങ്ങുന്ന ബോള്‍ട്ട് ഇത്തവണ ചാമ്പ്യനായി തന്നെ മടങ്ങുമെന്ന ആത്മവിശ്വാസത്തിലാണ്. വെള്ളിയാഴ്ചത്തെ 100 മീറ്റര്‍ ഒന്നാം റൗണ്ടിന് മുന്നോടിയായി ബോള്‍ട്ട് ഇന്നലെ പരിശീലനം നടത്തി.
കോച്ച് ഗ്ലെന്‍ മില്‍സിനൊപ്പം പരിശീലനത്തിനെത്തിയ ബോള്‍ട്ടിന് അവസാന മത്സരത്തിന്റെ സമ്മര്‍ദ്ദമൊന്നും ഉണ്ടായിരുന്നില്ല. കോച്ചിനോട് ഫലിതം പറഞ്ഞും ചിരിച്ചും സമ്മര്‍ദ്ദത്തിന്റെ ലക്ഷണം പോലും കാണിക്കാതെയാണ് അദ്ദേഹം പരിശീലനം പൂര്‍ത്തിയാക്കിയത്. കരിയറിലെ ആറാം ലോക ചാമ്പ്യന്‍ഷിപ്പിന് തയാറെടുക്കുന്ന 30കാരന്‍ ബോള്‍ട്ട് ട്രാക്കിലൂടെ ഓടിയും പരിശീലകനുമായി ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെട്ടുമാണ് സമയം ചെലവിട്ടത്. 100 മീറ്റര്‍, 4ഃ100 മീറ്റര്‍ റിലേയിലുമാണ് ബോള്‍ട്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ലോകം മുഴുവനുമുള്ള അത്‌ലറ്റിക്‌സ് പ്രേമികള്‍ക്ക് ബോള്‍ട്ടിന്റെ പ്രകടനം കാണാനുള്ള അവസാന അവസരമായിരിക്കും ഇത്.
100 മീറ്ററില്‍ ലോക റെക്കോര്‍ഡിനു ഉടമയായ ബോള്‍ട്ട് ഇതിനോടകം 11 ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. ആഗസ്ത് 12നാണ് 100 മീറ്റര്‍ ഫൈനല്‍. ലോകത്തെ ഏറ്റവും മികച്ച വേഗക്കാരനായിക്കൊണ്ടായിരിക്കും ലണ്ടനില്‍ നിന്നും തന്റെ മടക്കമെന്നാണ് ബോള്‍ട്ട് പറയുന്നത്. ട്രാക്കിനോട് വിടപറഞ്ഞാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുപ്പമായമണിയണമെന്നാണ് ബോള്‍ട്ടിന്റെ ആഗ്രഹം. അതേ സമയം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങള്‍ മരുന്നടിയില്‍ കുടുങ്ങുന്നതിനെ കുറിച്ച് സംസാരിച്ച ബോള്‍ട്ട് ഇത്തരം സംഭവങ്ങള്‍ കായിക രംഗത്തിന്റെ അന്ത്യത്തിലേക്കാണ് നയിക്കുകയെന്ന് അഭിപ്രായപ്പെട്ടിരുന്നു. മരുന്നടി കായിക രംഗത്തിന് നല്ലതല്ലെന്ന് പറഞ്ഞ ബോള്‍ട്ട് കായിക രംഗത്തിന്റെ പുരോഗതിക്കു വേണ്ടിയാണ് അത്‌ലറ്റുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും പറഞ്ഞു.
2008ലെ ബീജിങ്, 2012ലെ ലണ്ടന്‍, 2016 റിയോ ഒളിംപിക്‌സുകള്‍ ഉള്‍പ്പെടെ എട്ട് ഒളിംപിക് മെഡലുകള്‍ ബോള്‍ട്ട് നേടിയിട്ടുണ്ട്്. 100 മീറ്റര്‍, 4ഃ100 മീറ്റര്‍ റിലേ, 200 മീറ്റര്‍ എന്നിവയില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയാണ് ഈ ജമൈക്കന്‍ താരം. 2015ല്‍ ബീജിങില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈ മൂന്നിനങ്ങളിലും ബോള്‍ട്ടായിരുന്നു ചാമ്പ്യനെങ്കിലും 200 മീറ്ററില്‍ ഇത്തവണ അദ്ദേഹം പങ്കെടുക്കുന്നില്ല.