മുംബൈ: ബോളിവുഡ് ലഹരിമരുന്ന് കേസില്‍ നടി രാകുല്‍ പ്രിത് സിങ്, ദീപിക പദുക്കോണിന്റെ മാനേജര്‍ കരീഷ്മ പ്രകാശ് എന്നിവരെ എന്‍സിബി ചോദ്യം ചെയ്യുന്നു. രാവിലെ 11 മണിയോടെയാണ് മുംബൈ എന്‍സിബി ഓഫീസില്‍ നടി രാകുല്‍ പ്രീത് സിങ്ങും ടാലന്റ് മാനേജര്‍ കരീഷ്മ പ്രകാശും ചോദ്യം ചെയ്യലിനായി ഹാജരായത്. നടി ദീപിക പദുകോണുമായി നടത്തിയ ലഹരിമരുന്നുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് കരീഷ്മയില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത്. സുശാന്ത് നടത്തിയ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തെന്ന നടി റിയ ചക്രവര്‍ത്തിയുടെ മൊഴിയെ മുന്‍നിര്‍ത്തിയാണ് നടി രാകുല്‍ പ്രീത് സിംഗിനെ ചോദ്യം ചെയ്യുന്നത്.
കരണ്‍ ജോഹറിന്റെ ധര്‍മ പ്രോഡക്ഷന്‍സിലെ സംവിധായകന്‍ ക്ഷിതിജ് പ്രസാദിന്റെ വീട്ടില്‍ ഇന്നലെയും ഇന്നുമായി നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. എന്‍സിബി ആസ്ഥാനത്ത് എത്തിച്ച ഇയാളില്‍നിന്ന് പിടിച്ചെടുത്ത ലഹരിപദാര്‍ഥത്തിന്റെ അളവിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ് ചെയ്യണമോ എന്ന് തരുമാനിക്കുക.
അതിനിടെ, സുശാന്തിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ അന്തിമനിഗമനത്തിലെത്താന്‍ സിബിഐ എടുക്കുന്ന കാലതാമസത്തിനെതിരെ കുടംബം രംഗത്തുവന്നു. സുശാന്തിന്റെ മരണം ആത്മഹത്യ അല്ലെന്നായിരുന്നു അഭിഭാഷകന്‍ വികാസ് സിങ്ങിന്റെ പ്രതികരണം.