X

ആസിഫയുടെ കൊലപാതകം: പ്രതിഷേധവുമായി ബോളിവുഡ് താരങ്ങള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍. താരങ്ങളായ സോനം കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, ജാവേദ് അക്തര്‍, ഷിരിഷ് കുന്ദന്‍ തുടങ്ങിയവര്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ആസിഫ അനുഭവിച്ച വേദനയെക്കുറിച്ച് ചിന്തിക്കാന്‍കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യരല്ലെന്ന് ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു. കപടദേശീയതയിലും കപട ഹൈന്ദവതയിലും വെറുപ്പും അമ്പരപ്പും ലജ്ജയും തോന്നുന്നുവെന്ന് സോനം കപൂര്‍ പറഞ്ഞു. ഈ രാജ്യത്ത് ഇങ്ങനെ സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍പോലും കഴിയുന്നില്ലെന്നും സോനം കപൂര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ കൊലപാതകത്തില്‍ നേരിനൊപ്പം നില്‍ക്കണമെന്ന് റിദേഷ് ദേഷ്മുഖ് പറഞ്ഞു. സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരുമിക്കണമെന്നും ജാവേദ് അക്തര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ദേശീയവിരുദ്ധമാവുന്ന ഒരുകാലമുണ്ടാവുമെന്ന് ആരു കണ്ടുവെന്ന് ശിരിഷ് കുന്ദെറും ട്വിറ്ററിലൂടെ പ്രതികരിച്ചു.

നേരത്തെ, ടെന്നിസ് താരം സാനിയ മിര്‍സ സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ലോകത്തിനു മുന്നില്‍ നാം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം ഇതാണോയെന്ന് സാനിയ ട്വീറ്റില്‍ ചോദിച്ചു. ജാതിയും മതവും രാഷ്ട്രീയവും നിറവും ലിംഗവുമെല്ലാം മറന്ന ആ എട്ടുവയസുകാരിക്കു വേണ്ടി നില്‍ക്കാനായില്ലെങ്കില്‍ ഈ ലോകത്ത് ഒന്നിനു വേണ്ടിയും നമുക്ക് ഒരുമിച്ചു നില്‍ക്കാനാവില്ല. മനുഷ്യത്വത്തിനു വേണ്ടി പോലും നില്‍ക്കാന്‍ നമുക്കാവില്ലെന്ന് സാനിയ പറഞ്ഞു. സംഭവത്തിലെ പ്രതികള്‍ക്കു വേണ്ടി ഹിന്ദു ഗ്രൂപ്പുകള്‍ രംഗത്തുവന്നതിനെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സാനിയയുടെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കശ്മീരിലെ കത്തുവയിലുണ്ടായ മനസ്സാക്ഷി ഞെട്ടിക്കുന്ന സംഭവത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസാണ് പുറത്തുവന്നത്. ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാവുന്നത്. ആട്ടിടയ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്ത് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയയായിരുന്നു. ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.

സഞ്ജിറാം, മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍, ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു.

chandrika: