അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ മൂന്നു വര്‍ഷം മുമ്പ് ബോകോഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടവല്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടികളില്‍ 82 പോരെ വിട്ടയച്ചു. നൈജീരിയന്‍ കസ്റ്റഡിയിലുള്ള ബോകോഹറം തീവ്രവാദികള്‍ക്കു പകരമാണ് ഇവരെ കൈമാറിയത്. 113 പേര്‍ കൂടി ഇപ്പോഴും തീവ്രവാദികളുടെ കസ്റ്റഡിയിലാണ്. പെണ്‍കുട്ടികള്‍ക്കു പകരം എത്ര തീവ്രവാദികളെ വിട്ടയച്ചുവെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ചിബോക്കിലെ സ്‌കൂളില്‍നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ അന്താരാഷ്ട്ര സഹകരണത്തോടെ നൈജീരിയന്‍ ഭരണകൂടം തീവ്രശ്രമത്തിലാണ്. റെഡ്‌ക്രോസും സ്വിസ് ഭരണകൂടവും സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളാണ് 82 പേരുടെ മോചനത്തിന് വഴിതുറന്നത്. കാമറൂണ്‍ അതിര്‍ത്തിക്ക് സമീപം നൈജീരിയന്‍ സേനക്കാണ് തീവ്രവാദികള്‍ പെണ്‍കുട്ടികളെ കൈമാറിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. 2014 ഏപ്രിലില്‍ ബോര്‍ണോ സ്‌റ്റേറ്റിലെ ചിബോക്കിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സെക്കണ്ടറി സ്‌കൂള്‍ ആക്രമിച്ച 276 പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവരില്‍ അമ്പതിലേറെ പേര്‍ ഉടന്‍ മോചിതരായി. അന്നത്തെ യു.എസ് പ്രഥമ വനിത മിഷേല്‍ ഒബാമയും ഹോളിവുഡ് താരങ്ങളും ചേര്‍ന്ന് കുട്ടികളുടെ മോചനത്തിന് നടത്തിയ അന്താരാഷ്ട്ര ശ്രമങ്ങള്‍ പൂര്‍ണ വിജയത്തില്‍ എത്തിയിരുന്നില്ല. പെണ്‍കുട്ടികളെ മതം മാറ്റുകയും തീവ്രവാദികളുമായി വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിയിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ആയിരക്കണക്കിന് ആളുകളെ ബോകോഹറം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അക്രമങ്ങളില്‍ മുപ്പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു.
- 8 years ago
chandrika
Categories:
Culture