X

കോഴിക്കോട് സി.പി.എം പ്രവര്‍ത്തകരായ ദമ്പതികള്‍ കള്ളവോട്ട് ചെയ്തതിന് തെളിവ്; റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി

സി.പി.എം പ്രവര്‍ത്തകരായ ദമ്പതികള്‍ രണ്ട് പഞ്ചായത്തുകളില്‍ വോട്ട് ചെയ്തതിന്റെ തെളിവുകള്‍, പോളിങ് സ്‌റ്റേഷനില്‍ ബൂത്ത് ഏജന്റുമാര്‍ രേഖപ്പെടുത്തിയ പട്ടികയില്‍ നിന്നും

കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികള്‍ കള്ളവോട്ട് ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്. എലത്തൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട 47ാം ബൂത്തിലും 149ാം ബൂത്തിലുമാണ് കാക്കൂര്‍ സ്വദേശികളായ കളരിക്കല്‍ രമേശന്‍ എം.പിയും ഭാര്യ കെ ശ്രീജയും ഇരട്ട വോട്ട് ചെയ്തത്. സി.പി.എം പ്രവര്‍ത്തകനും മുഖപത്രമായ ദേശാഭിമാനിയുടെ പ്രാദേശിക ഏജന്റ് കൂടിയാണ് രമേശന്‍.
രമേശന്‍ കാക്കൂര്‍ പഞ്ചായത്തിലെ പുന്നശ്ശേരി വെസ്റ്റ് എ.എല്‍.പി സ്‌കൂളിലെ 47ാം ബൂത്തില്‍ ക്രമ നമ്പര്‍ 295 ആയാണ് ഒരു വോട്ട് ചെയ്തത്. കുരുവട്ടൂര്‍ പഞ്ചായത്തിലെ 149ാം ബൂത്തില്‍ ക്രമനമ്പര്‍ 198 ആയാണ് മറ്റൊരു വോട്ട് ചെയ്തത്. രമേശന്റെ ഭാര്യ ശ്രീജ 47ാം ബൂത്തില്‍ ക്രമനമ്പര്‍ 297 ആയും 149ാം ബൂത്തില്‍ ക്രമനമ്പര്‍ 201 ആയും കള്ളവോട്ട് രേഖപ്പെടുത്തിയതായും തെളിവുകള്‍ പുറത്തുവിട്ട് ഡി.സി.സി ജനറല്‍ സെക്രട്ടറി ഐ.പി രാജേഷ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി.
കള്ളവോട്ട് രേഖപ്പെടുത്തിയതിന് പുറമെ നിയമവിരുദ്ധമായി രണ്ട് ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് കൈവശം വെച്ചെന്ന ഗുരുതര കുറ്റവും ഇരുവര്‍ക്കും എതിരെ ആരോപിക്കുന്നു. ഇരു ബൂത്തിലെയും യു.ഡി.എഫ് എജന്റുമാര്‍ ദമ്പതികള്‍ കള്ളവോട്ട് ചെയ്തതായി മൊഴി നല്‍കുകയും ഇതിന്റെ രേഖകള്‍ പുറത്തുവിടുകയും ചെയ്തതോടെ സി.പി.എം പ്രതിരോധത്തിലായി.
കള്ളവോട്ട് ചെയ്ത ദമ്പതികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ഐ.പി രാജേഷ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. നിയമപരമായി മുന്നോട്ടു പോകുമെന്നും കള്ളവോട്ടുകാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.

Guest: