തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ വീഴ്ച്ച. പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ മോഷ്ടിക്കപ്പെട്ടു. ലാബിൽ എത്തിച്ച 17 രോഗികളുടെ സാമ്പിളുകളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സാമ്പിളുകൾ കാണാതായതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രിക്കാരനിൽ നിന്ന് സാമ്പിളുകൾ കണ്ടെടുക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ശസ്ത്രക്രിയ നടത്തിയവരുടെ രോഗനിർണയത്തിനായാണ് ഇത്തരം സ്പെസിമെനുകൾ പരിശോധനയ്ക്ക് അയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂർത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളാണ് മോഷണം പോയത്. സാധാരണയായി ആംബുലൻസ് ഡ്രൈവറോ ആശുപത്രി ജീവനക്കാരോ ആണ് പരിശോധനയ്ക്കായി സാമ്പിളുകൾ കൊണ്ടുപോകുന്നത്.
പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശരീരഭാഗങ്ങളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നാണ് ആക്രിക്കാരന്റെ മൊഴി. എന്നാൽ സ്പെസിമെനുകൾ എങ്ങനെ ഇയാളുടെ കൈവശം എത്തിയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.