കല്‍പറ്റ: ഉരുള്‍പൊട്ടല്‍ മേഖലയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക തിരച്ചിലില്‍ കണ്ടെത്തിയ 6 ശരീരഭാഗങ്ങളില്‍ 5 എണ്ണം മനുഷ്യരുടേതാണെന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഇവ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇതുവരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്.
തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം എച്ച്എംഎല്‍ പ്ലാന്റേഷനിലെ പുത്തുമല പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞു.
കാലാവസ്ഥ അനുകൂലമായതിനാല്‍ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തിരച്ചില്‍ തുടരുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചില്‍ നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂര്‍ണമായും തീരുന്നത് വരെ തിരച്ചില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.