തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാന്‍ഹോളില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലാവുകയും ചെയ്തു. ഇവരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാന്‍ഹോളില്‍ മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങള്‍ കളയുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിലായിരുന്നു മൃതദേഹം ഉപേക്ഷിച്ചിരുന്നത്. മൃതദേഹത്തിന് മുകളില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയിലായിരുന്നു.
എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. അതേസമയം ബിജുവിന്റെ വീടിന് സമീപ പുലര്‍ച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പൊലീസിന് വിവരം നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു.
നേരത്തെ ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്ന ആളുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.