ബാംഗളൂരു: ബാംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശരതിന്റെ(19) മൃതദേഹം കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്റെ മകനായ ശരതിനെ കഴിഞ്ഞയാഴ്ച്ചയാണ് കാണാതായത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ശരതിനെ തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് 50ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ശരതിന്റെ രണ്ട് വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ ശരതിന്റെ രക്ഷിതാക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതില്‍ 50ലക്ഷം നല്‍കി തന്നെ രക്ഷിതാക്കണമെന്ന് ശരത് ആവശ്യപ്പെടുന്നുണ്ട്. പോലീസില്‍ അറിയിക്കരുതെന്നും അറിയിച്ചാല്‍ സഹോദരിയായിരിക്കും അടുത്ത ഇരയെന്നും ശരത് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുമ്പോഴാണ് ശരതിന്റെ മൃതദേഹം ലഭിക്കുന്നത്. ബാംഗളൂരുവില്‍ നിന്ന് 25കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാറില്‍വെച്ച് കൊലപ്പെടുത്തിയശേഷം ശരത്തിനെ തടാകത്തിനടുത്ത് മറ ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ എന്താണെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം,സംഭവത്തില്‍ ആറുപേര്‍ പോലീസ് കസ്റ്റഡിയിലായി. ഇതിലൊരാള്‍ ബന്ധുവാണ്. ശരതിന്റെ പിതാവുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള വൈരാഗ്യം ഉണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.