X
    Categories: MoreViews

സൂകിയോട് പ്രതിഷേധിച്ച് ഗെല്‍ഡോഫ് പുരസ്‌കാരം തിരിച്ചുനല്‍കി

ഡബ്ലിന്‍: മ്യാന്മറില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെയുള്ള സൈനിക നടപടിയെ ന്യായീകരിച്ച സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയോടുള്ള പ്രതിഷേധ സൂചകമായി ലോകപ്രശസ്ത പോപ് ഗായകന്‍ ബോബ് ഗെല്‍ഡോഫ് ഫ്രീഡം ഓഫ് ദ സിറ്റി ഓഫ് ഡബ്ലിന്‍ പുരസ്‌കാരം തിരിച്ചുനല്‍കി.

ജീവിതത്തിന്റെ വിവിധ തുറകളില്‍ മികച്ച സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന പുരസ്‌കാരത്തിന് സൂകിയും അര്‍ഹയായിരുന്നു. ഡബ്ലിന്‍ നഗരവുമായി സൂകിക്കുള്ള ബന്ധം തങ്ങള്‍ക്കെല്ലാം അപമാനമാണെന്ന് പുരസ്‌കാരം തിരിച്ചുനല്‍കിക്കൊണ്ട് ഗെല്‍ഡോഫ് വ്യക്തമാക്കി. റോഹിന്‍ഗ്യ മുസ്്‌ലിംകളുടെ ദുരിതത്തിന് പരിഹാരം കാണുന്നതിന് സൈനിക നടപടിയെ ന്യായീകരിക്കാന്‍ ശ്രമിച്ച സൂകിക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാണ്.

ഡബ്ലിന്‍ നഗരം സൂകിയെ ആദരിച്ചെങ്കിലും അവരിപ്പോള്‍ നമ്മെ അമ്പരപ്പിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അയര്‍ലന്റിന്റെ തലസ്ഥാനമായ ഡബ്ലിനിലെ സിറ്റി ഹാളില്‍ ഗെല്‍ഡോഫ് പുരസ്‌കാരം തിരിച്ചുനല്‍കി. സൂകിയുടെ നൊബേല്‍ പുരസ്‌കാരവും തിരിച്ചുവാങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. റോഹിന്‍ഗ്യ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഒരുസംഘം ഐറിഷ് ഗായകര്‍ സൂകിയോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ മാസം ഓക്‌സ്ഫഡ് സിറ്റി കൗണ്‍സിലും സൂകിക്ക് നല്‍കിയ ഫ്രീഡം ഓഫ് ദ സിറ്റി പുരസ്‌കാരം റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലണ്ടന്‍ നഗരവും സമാന നടപടി സ്വീകരിക്കുകയുണ്ടായി. ഓക്‌സ്ഫഡ് സര്‍വകലാശാല സൂകിയുടെ ഛായാചിത്രം നീക്കിയിരുന്നു.

chandrika: