ആലപ്പുഴ: രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത നാല് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്.
ലേക്ക്‌സ് ആന്‍ഡ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. തേജസ് ബോട്ട് ഉടമ സിബിയെ ഉടന്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ബോട്ട് വിട്ടുകൊടുക്കാത്തവരെ അറസ്റ്റ് ചെയ്ത് ബോട്ട് പിടിച്ചെടുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയരുന്നു. ഈ ബോട്ടുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജലാശയങ്ങളില്‍ ഇറക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.