X
    Categories: MoreViews

കുംബ്ലെ ബോര്‍ഡിന്റെ നോട്ടപ്പുള്ളി

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടരുന്നതില്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്ന സത്യത്തിന് കൂടുതല്‍ തെളിവുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം പുനക്രമീകരിക്കുന്നതിനായി അനില്‍ കുംബ്ലെ ബി.സി.സി.ഐക്കു സമര്‍പ്പിച്ച 19 പേജു വരുന്ന നിര്‍ദേശങ്ങളില്‍ അദ്ദേഹത്തിന്റെ വിചിത്ര ആവശ്യങ്ങളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചീഫ് കോച്ചിന് ക്യാപ്റ്റന്റെ മതിപ്പ് പ്രതിഫലത്തിന്റെ 60 ശതമാനം ലഭിക്കണമെന്നാണ് മുഖ്യമായ നിര്‍ദേശം. ഇതിനു പുറമെ ദേശീയ കോച്ചുമാര്‍ക്ക് അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഐ.പി.എല്‍ നിന്നുള്ള വരുമാനം ലഭിക്കണമെന്നും പറയുന്നു. എന്നാല്‍ ഇത് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമോ എന്ന കാര്യം സൂചിപ്പിക്കുന്നുമില്ല. ഇതോടൊപ്പം കുംബ്ലെയുടെ മറ്റു പ്രധാനപ്പെട്ട നിര്‍ദേശം കളിക്കാരുടെ കായിക ക്ഷമതക്കനുസരിച്ച് കളിക്കാരുടെ കരാറില്‍ 20 ശതമാനം മാറ്റം വേണമെന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ പ്രതിഫലവും കരാറും പുനക്രമീകരിക്കുന്നതിന് എന്ന് പേരിട്ടിരിക്കുന്ന 19 പേജു വരുന്ന രേഖയില്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ പ്രതിഫലത്തിലും വര്‍ധനവ് വരുത്തണമെന്നാണ് ബി.സി.സി.ഐയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കു നല്‍കിയ നിര്‍ദേശത്തില്‍ കുംബ്ലെ ആവശ്യപ്പെട്ടിരിക്കുന്നത്.
കുംബ്ലെ ഈ വിധം ക്രിക്കറ്റ് ബോര്‍ഡിനെ പ്രതികൂട്ടിലാക്കുന്ന തരത്തില്‍ നീങ്ങിയതിലുള്ള അധികാരികളുടെ അസംതൃപ്തി അദ്ദേഹത്തിന്റെ രാജിയില്‍ നിര്‍ണായകമായിട്ടുണ്ട്. വിരാത് കോലി കോച്ചിനെതിരെ തിരിഞ്ഞപ്പോള്‍ ആ നീക്കത്തിന് ബോര്‍ഡിന്റെ മൗനാനുവാദവുമുണ്ടായിരുന്നു. കുംബ്ലെയുടെ നിര്‍ദേശപ്രകാരം വിരാട് കോലി ബി.സി.സി.ഐയില്‍ നിന്നും കൂടുതലായി എന്തെങ്കിലും നേടിയാല്‍ ആനുപാതികമായി അദ്ദേഹത്തിന്റെ പ്രതിഫലവും വര്‍ധിക്കും. ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറിന്റെ ശമ്പളം ഒരു കോടിയില്‍ നിന്നും 2.25 കോടിയായി വര്‍ധിപ്പിക്കണമെന്നും ആര്‍ ശ്രീധറിന് ഒരു കോടിക്കു പകരം 1.75 കോടി ലഭിക്കണമെന്നും കുംബ്ല നിര്‍ദേശിക്കുന്നു. ഇത് 2016 ജൂണ്‍ ഒന്നുമുതല്‍ മുന്‍കാല പ്രാപല്യത്തോടെ നല്‍കണമെന്നുമാണ് കുംബ്ലെ ആവശ്യപ്പെട്ടിട്ടുള്ളത്. ഐ.പി.എല്‍ ഫൈനലിനു തൊട്ടുമുമ്പാണ് ഇത്തരമൊരു നിര്‍ദേശം കുംബ്ലെ സമര്‍പ്പിച്ചത്. അതേ സമയം ഐ.പി.എല്ലില്‍ നിന്നും ദേശീയ കോച്ചുമാര്‍ക്ക് പ്രതിഫലം ലഭിക്കണമെന്ന നിര്‍ദേശം സ്ഥാപിത താല്‍പര്യമാണെന്ന് സി.ഒ.എ അംഗമായിരുന്ന രാമചന്ദ്ര ഗുഹ എഴുതിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ പലരും ഇത് ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ, ഡല്‍ഹി ഡയര്‍ഡെവിള്‍സ് ടീമുകളുടെ പരിശീലകനായരാഹുല്‍ ദ്രാവിഡിനെതിരായ കുത്തായാണ് കണ്ടിരുന്നത്. കുംബ്ലെ സമര്‍പ്പിച്ച നിര്‍ദേശങ്ങളടങ്ങിയ രേഖയുടെ പേജ് 12ല്‍ ഐ.പി.എല്‍ കളിക്കാനായി രണ്ടു മാസത്തെ കരാര്‍ കളിക്കാര്‍ക്ക് അനുവദിക്കുന്നതിനു സമാനമായി കോച്ചുമാര്‍ക്കും ഐ.പി.എല്ലില്‍ കരാറുണ്ടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത് വരുമാന നേട്ടമുണ്ടാക്കുന്നതിനോടൊപ്പം ടി 20 ക്രിക്കറ്റില്‍ കൂടുതല്‍ പരിചയ സമ്പത്ത് സ്വ്ന്തമാക്കാന്‍ സഹായിക്കുമെന്നാണ് കുംബ്ലെയുടെ വാദം. രാമചന്ദ്ര ഗുഹയുടെ എതിര്‍പ്പ് അവഗണിച്ച് കുംബ്ലെയുടെ താല്‍പര്യം സംരക്ഷിച്ചിരുന്നെങ്കില്‍ ഇത് തീര്‍ത്തും സ്ഥാപിത താല്‍പര്യം സംരക്ഷിക്കല്‍ ആകുമായിരുന്നെന്നാണ് ബി.സി.സി.ഐയുടെ ഒരു ഭാരവാഹി പറഞ്ഞത്. ഇതിനു പുറമെ 50 ഓവര്‍ ഏകദിന ലോകകപ്പ് നേടുന്ന കളിക്കാരന് രണ്ട് കോടി വീതവും ചാമ്പ്യന്‍സ് ട്രോഫി, ടി 20 ലോകകപ്പ് എന്നിവ ജയിച്ചാല്‍ കളിക്കാരന് ഒരു കോടി വീതവും പ്രൈസ്മണിയായി നല്‍കണമെന്നും കുംബ്ലെ നിര്‍ദേശിക്കുന്നുണ്ട്. കമ്പനികള്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും പി.എഫ് വിഹിതം ഈടാക്കുന്നതിന് തുല്യമായി റീട്ടെയ്‌നര്‍ ഫീ ഈടാക്കി വിരമിക്കലിന് ശേഷം നല്‍കണമെന്നും അനില്‍ കുംബ്ലെ സി.ഒ.എക്ക് നല്‍കിയ നിര്‍ദേശത്തിലുണ്ട്. കുംബ്ലെ കോച്ച് പദവിയില്‍ നിന്നും രാജിവെച്ച ശേഷമാണ് ഈ നിര്‍ദേശങ്ങള്‍ പുറത്തു വന്നതെന്നതും ശ്രദ്ധേയമാണ്.

chandrika: