കറാച്ചി: പാക്കിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവും മലയാളിയുമായ ബി.എം കുട്ടി അന്തരിച്ചു. 90 വയസ്സായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായിരുന്ന ബി.എം കുട്ടി വിഭജനാനന്തരം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.
മലപ്പുറം വൈലത്തൂരുകാരനായ ബിയ്യാത്തില്‍ മൊയ്തീന്‍കുട്ടി എന്ന ബി.എം കുട്ടി 1949ല്‍ മദ്രാസില്‍ നിന്നാണ് കറാച്ചിയിലേക്ക് കപ്പല്‍ കയറിയത്. തിരൂരുകാരായ പലരും അക്കാലത്ത് കറാച്ചിയിലും മറ്റും കച്ചവടസ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ജോലി തേടിപ്പോയ ബി.എം കുട്ടി ഇന്ത്യന്‍ കോഫി ഹൗസില്‍ ജീവനക്കാരനായി. പിന്നീട് തൊഴിലാളി സംഘടനാപ്രവര്‍ത്തകനുമായി.
കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ കൊല്‍ക്കത്ത കോണ്‍ഗ്രസില്‍ പങ്കെടുത്ത ഊര്‍ജവുമായി ബി.എം കുട്ടി പിന്നീട് രൂപീകരിച്ച പാക്കിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലംഗമായി. പ്രവര്‍ത്തന സ്വാതന്ത്യം നിഷേധിക്കപ്പെട്ടതോടെ പാക്കിസ്ഥാന്‍ നാഷണല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി രൂപീകരിച്ച് അതിലേക്ക് ചേക്കേറി.
പല തവണ സമരങ്ങള്‍ നയിച്ച് പാക്കിസ്ഥാനിലെ ജയിലുകളില്‍ കഴിഞ്ഞു.നാഷണല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്ന നാഷണല്‍ അവാമി പാര്‍ട്ടി ബലൂചിസ്ഥാനില്‍ അധികാരത്തിലെത്തിയതോടെ ബി.എം കുട്ടി ഗവര്‍ണ്ണറുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി. പിന്നീട് വന്ന സര്‍ക്കാരുകള്‍ റഷ്യന്‍ ബന്ധം ആരോപിച്ച് കുട്ടിയെ തടങ്കലിലാക്കിയെങ്കിലും ജനാധിപത്യപ്രസ്ഥാനം രൂപീകരിച്ച് അദ്ദേഹം പൊതുരംഗത്ത് തുടര്‍ന്നു.
പാക്കിസ്ഥാനിലെ രാഷ്ട്രീയരംഗത്ത് സമാധാനപ്രചാരകനായിരുന്നു കുട്ടി. പാക്കിസ്ഥാന്‍കാരിയായ ബ്രിജിസ് ആയിരുന്ന ഭാര്യ. ഖേദങ്ങളില്ലാതെ 60 വര്‍ഷത്തെ പ്രവാസമെന്ന ബി.എം കുട്ടിയുടെ പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.