X

ബ്ലൂ വെയില്‍ ബുദ്ധികേന്ദ്രമായ പെണ്‍കുട്ടി അറസ്റ്റില്‍

മോസ്‌കോ: നൂറിലേറെ പേരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ഭരണകൂടങ്ങളുടെ ഉറക്കംകെടുത്തുകയും ചെയ്യുന്ന ബ്ലൂ വെയില്‍ ചലഞ്ചിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കുന്ന പതിനേഴുകാരി റഷ്യയില്‍ അറസ്റ്റില്‍. ഖബറോവ്‌സ്‌ക്ക്രായില്‍നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡത്ത് ഗ്രൂപ്പ് അഡ്മിനിസ്്‌ട്രേറ്റര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പെണ്‍കുട്ടി ബ്ലൂ വെയില്‍ കളിച്ചുകൊണ്ടാണ് അഡ്മിനായി മാറിയത്.
ബ്ലൂ വെയില്‍ ചാലഞ്ചിന്റെ പേരിലുള്ള നിരവധി സംഘങ്ങളെ നിയന്ത്രിച്ചിരുന്നത് ഈ പെണ്‍കുട്ടിയാണ്. ഗെയിമില്‍നിന്ന് പിന്മാറുന്നവരെ കൊല്ലുമെന്നും ബന്ധുക്കളെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി നിരവധി പേരെ ആത്മഹത്യയിലേക്ക് തള്ളിയതില്‍ പെണ്‍കുട്ടിക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. ബ്ലൂ വെയില്‍ ഗെയിം രൂപകല്‍പന ചെയ്ത ഫിലിപ് ബുഡയ്കിന്‍ എന്ന 22കാരനായ റഷ്യന്‍ യുവാവ് സൈബീരിയയില്‍ തടവില്‍ കഴിയുകയാണ്. 50 ദിവസം നീണ്ട കളിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് അഡ്മിനിസ്‌ട്രേറ്റര്‍മാരാണ്. റഷ്യയില്‍ അറസ്റ്റിലായ പെണ്‍കുട്ടിയും അതില്‍ അംഗമായിരുന്നു. പുരുഷനാണെന്ന വ്യാജേനയാണ് അവര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 130ലേറെ പേര്‍ ബ്ലൂ വെയില്‍ കളിച്ച് മരിച്ചിട്ടുണ്ട്. വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ പത്തൊമ്പതുകാരന്‍ ബ്ലൂവെയില്‍ കളിച്ച് ആത്മഹത്യ ചെയ്തിരുന്നു. റഷ്യക്കാരിയുടെ അറസ്‌റ്റോടെ കളിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

chandrika: