തിരുവനന്തപുരം: കേരളത്തില്‍ ബ്ലുവെയ്ല്‍ ചലഞ്ച് ഗെയിമിന് അടിമപ്പെട്ട് വീണ്ടും മരണമെന്ന് വാര്‍ത്ത. തിരുവനന്തപുരത്ത് നിന്നുള്ള ആത്മഹത്യാവാര്‍ത്തക്കു പിന്നാലെ കണ്ണൂരില്‍ നിന്നുള്ള കുട്ടിയുടെ മരണത്തിലും ദുരൂഹത. കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത ഐ.ടി.ഐ വിദ്യാര്‍ത്ഥി സാവന്ത് ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു. എന്നാല്‍ ബഌ വെയില്‍ ആത്മഹത്യകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് ഐ.ജി മനോജ് എബ്രഹാം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ആരും ബ്ലുവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതിനെക്കുറിച്ച് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള അന്വേഷണമുണ്ടാകും. ഇതുവരെ ഇതിന്റെ ലിങ്ക് കിട്ടിയെന്നോ, ഡൗണ്‍ലോഡ് ചെയ്‌തെന്നോയുളള ഒരു സംഭവം പോലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പോലീസ് വളരെ കാര്യക്ഷമമായി ഇതിനെ നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ അതിന്റെ ഒരു ലിങ്ക് പോലും കാണാന്‍ സാധിച്ചിട്ടില്ല. സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവയും നിരീക്ഷിക്കുകയും ഇതുമായി ബന്ധപ്പെട്ടുളള കൗണ്‍സലിങ് നല്‍കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മരിച്ച മനോജിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോഴാണ് മകന്റെ മരണത്തിലും ഇത്തരത്തിലുള്ള സൂചനകള്‍ ഉണ്ടായിരുന്നുവെന്ന് കണ്ണൂരില്‍ ആത്മഹത്യ ചെയ്ത സാവന്തിന്റെ അമ്മ പറഞ്ഞത്. രാത്രി മുഴുവന്‍ ഗെയിം കളിക്കാറുണ്ടെന്നും കയ്യില്‍ കോംമ്പസ്സുകൊണ്ട് മുറിവുണ്ടാക്കിയിരുന്നെന്നും അമ്മ പറയുന്നു. മകന് മാനസിക പ്രശ്‌നമാണെന്ന് കരുതി പലപ്പോഴും കൗണ്‍സിലിങ്ങിന് വിധേയമാക്കിയതായും അവര്‍ അറിയിച്ചു.