X

ബി.എല്‍.ഒമാര്‍ക്ക് ഡ്യൂട്ടി ലീവും പ്രതിഫലവുമില്ല; ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ഇഴയുന്നു

അബ്ദുല്‍ ഹയ്യ്

മലപ്പുറം:തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവും പ്രതിഫലവും അനുവദിക്കാത്തത് മൂലം ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്ന നടപടി ഇഴയുന്നു. സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിച്ച നടപടി മൂന്ന് മാസം പിന്നിട്ടിട്ടും 50 ശതമാനം പൂര്‍ത്തീകരിച്ചിട്ടില്ല.

ഇന്നലെ പുറത്തു വിട്ട കണക്കു പ്രകാരം 46.06 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. നടപടി വേഗത്തിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ സര്‍ക്കാറിന്റെയോ ഭാഗത്ത് നിന്നു സഹകരണമില്ലെന്നാണ് ബി.എല്‍.ഒമാര്‍ പറയുന്നത്. നടപടിയുമായി ബന്ധപ്പെട്ട് സംസ്ഥന സര്‍ക്കാര്‍ ഓഗസ്റ്റില്‍ പുറത്തിറക്കിയ ഉത്തരവില്‍ രണ്ടു മണിക്കൂര്‍ മാത്രമാണ് ബി.എല്‍.ഓമാര്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. ഈ ഉത്തരവ് ഏറെ വൈകിയാണ് ബിഎല്‍ഒമാര്‍ക്ക് ലഭിച്ചതും. വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിന് രണ്ടു മണിക്കൂര്‍ താമസിച്ചോ നേരത്തെ ഇറങ്ങിയോ പൂര്‍ത്തീകരിക്കാമെന്നാണ് പറയുന്നത്. പല ബി.എ ല്‍.ഒമാരും കിലോ മീറ്ററുകള്‍ ദൂരത്താണ് തങ്ങളുടെ ഔദ്യോഗിക ജോലിയും ബൂത്ത് പരിധിയും. ഈ സാഹചര്യത്തില്‍ രണ്ടു മണിക്കൂര്‍ നിശ്ചിത സ്ഥലത്തേക്കുള്ള യാത്രക്ക് തന്നെ വേണ്ടി വരും. അതു കൊണ്ടു തന്നെ ഒരു ദിവസം വളരെ കുറച്ചു വീടുകളിലെത്താനെ കഴിയുന്നുള്ളൂ. പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചാലും കൂടുതല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ളത് കൊണ്ടു വളരെ കുറച്ചു പേരുടെ വോട്ടര്‍ ഐഡി മാത്രമെ ബന്ധിപ്പിക്കാന്‍ സാധിക്കു. ഈ സാഹചര്യത്തില്‍ ബി.എല്‍.ഒ മാര്‍ക്ക് പ്രത്യേക ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നാണ് ആവശ്യം.

ഇങ്ങനെ വന്നാല്‍ കൂടുതല്‍ വീടുകളിലെത്തിയും ക്യാമ്പുകള്‍ സംഘടിപ്പിച്ചും വോട്ടര്‍മാരുടെ ആധാറുമായി ബന്ധിപ്പിക്കാനും കഴിയും. ഇതോടൊപ്പം തന്നെ വീടുകള്‍ കയിറിയിറങ്ങി നടപടികള്‍ പൂര്‍ത്തീകരിക്കുന്ന ജോലിക്ക് നേരത്തെയുള്ള 7200 രൂപ വാര്‍ഷിക ഓണറേറിയത്തിലപ്പുറം യാതൊരു പ്രതിഫലവും നല്‍കുന്നില്ല. കടുത്ത വെയിലും കോരിച്ചൊരിയുന്ന മഴയും വകഞ്ഞു മാറ്റി കിലോമീറ്ററുകള്‍ നടന്നു ചെയ്യേണ്ട ഈ ഡ്യൂട്ടിക്ക് സ്പെഷല്‍ അലവന്‍സ് അനുവദിക്കണമെന്നാണ് ബി.എല്‍.ഒമാര്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഫോമുകള്‍ പൂരിപ്പിക്കേണ്ടതും സമര്‍പ്പിക്കേണ്ടുമെങ്കിലും ഇതിനു വേണ്ട ഇന്റര്‍നെറ്റു ചാര്‍ജ് നല്‍കണമെന്നാണ് ബി. എല്‍.ഒമാരുടെ ആവശ്യം. മൂന്ന് ജി.ബി ഡേറ്റയെങ്കിലും ദിവസം ആവശ്യം വരുന്നതായി ഇവര്‍ പറയുന്നു. ഡ്യൂട്ടി ലീവ് അനുവദിച്ചും പ്രത്യേക അലവന്‍സു നല്‍കിയും നടപടി വേഗത്തിലാക്കുകയോ അല്ലങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ ആയിരത്തിന് മുകളിലുള്ള ബൂത്തുകളെ വിഭജിച്ച് ഡ്യൂട്ടി കുറക്കുകയോ ചെയ്തില്ലെങ്കില്‍ ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ അനിശ്ചിതമായി നീളും.

Test User: