ആലപ്പുഴയില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖരായ രണ്ട് നേതാക്കള്‍ കൊല്ലപ്പെട്ടതോടെ കേരളത്തിന്റെ രാഷ്ട്രീയ മുഖത്ത് വീണ്ടും ചോര വീണിരിക്കുന്നു. മണിക്കൂറുകള്‍ക്കിടെയാണ് ഇരു കൊലപാതകങ്ങളും നടന്നതെന്നത് ഏറെ ഞെട്ടലുളവാക്കുന്നുണ്ട്. സമൂഹത്തിന്റെ സുരക്ഷിതത്വ ബോധമാണ് ഇതോടെ തകര്‍ന്നിരിക്കുന്നതെന്ന് തീര്‍ച്ച. വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നതരായ നേതാക്കളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അധികം വൈകാതെ ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. ഷാനിന്റെ ദേഹമാസകലം നാല്‍പതോളം വെട്ടുകളേറ്റിട്ടുണ്ട്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയാറെടുക്കുകയായിരുന്ന രഞ്ജിതിനെ വീട്ടില്‍ കയറിയാണ് കൊലപ്പെടുത്തിയത്. ബി.ജെ.പിയും എസ്.ഡി.പി.ഐയും ആരോപണ, പ്രത്യാരോപണങ്ങളുമായി ഇരുപക്ഷത്ത് നിലയുറപ്പിക്കുമ്പോള്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്. പ്രതികാര ദാഹത്തിന്റെ ഇരയായി മറ്റൊരു മനുഷ്യ ജീവന്‍ നഷ്ടപ്പെടാതിരിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കാം.
കൊലപാതക രാഷ്ട്രീയം കേരളത്തിന് അപരിചിതമല്ല. കണ്ണൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നിത്യസംഭവങ്ങളായിരുന്ന അരുംകൊലകള്‍ ഇപ്പോള്‍ സംസ്ഥാനമൊട്ടുക്കും വ്യാപിക്കുകയാണ്. ജനസേവനവും ക്ഷേമവും സാമൂഹിക ഭദ്രതയും ഉയര്‍ത്തിപ്പിടിച്ച് പവിത്രമായ ജനാധിപത്യ മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് മുന്നോട്ടുപോകേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇത്രയും ക്രൂരമായി മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നത് സംസ്‌കാരിക കേരളത്തിന് മുന്നില്‍ പലവട്ടം ഉത്തരം തേടിയെത്തിയ ചോദ്യമാണ്. പ്രബുദ്ധമെന്ന് അവകാശപ്പെടുമ്പോഴും രാഷ്ട്രീയക്കൊലകള്‍ സംസ്ഥാനത്തെ പലവട്ടം ഞെട്ടിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ഇരു കൊലപാതകങ്ങളിലും കൃത്യമായ ആസൂത്രണവും ഏകോപനവും പ്രകടമാണ്. ഷാനിന്റെ നീക്കുപോക്കുകള്‍ നിരന്തരം നിരീക്ഷിച്ച് വ്യക്തമായ ലക്ഷ്യത്തോടെ കൊലയാളികള്‍ നീങ്ങിയിട്ടുണ്ടെന്ന് ആക്രണത്തിന്റെ സ്വഭാവത്തില്‍നിന്ന് വ്യക്തമാകുന്നുണ്ട്. തൊട്ടുപിന്നാലെ ഏകോപിത നീക്കത്തിലൂടെയാണ് രഞ്ജിതിനെയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇതൊന്നും മുന്‍കൂട്ടി കാണാനും തടയാനും സുരക്ഷാ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ലെന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്.
കേരളീയ സമൂഹത്തിന് മാനഹാനിയുണ്ടാക്കുന്ന സംഭവങ്ങള്‍ സമീപ കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളോടൊപ്പം അധോലോകവും ഗുണ്ടാവിളയാട്ടങ്ങളും സംസ്ഥാനത്തിന്റെ ഉറക്കം കെടുത്തി തുടങ്ങിയിരിക്കുന്നു. കുറ്റകൃത്യങ്ങള്‍ സമൂഹിക ജീവിതത്തെ കയ്യടക്കുമ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണ്. ആഭ്യന്തര വകുപ്പിന്റെ ഉറക്കം കൊലയാളി സംഘങ്ങള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ അവസരമൊരുക്കുന്നുണ്ട്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം ഭരണത്തിന്റെ സുഖശീതളിമയില്‍ അഭിരമിക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവനും സ്വത്തുമാണ് അപകടത്തില്‍ പെടുന്നത്. ഭീകരമായ അനവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തി ശീലമുള്ളതുകൊണ്ട് സി.പി.എമ്മിന് ചിലപ്പോള്‍ ക്രമസാധാന തകര്‍ച്ചയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ കഴിഞ്ഞെന്നു വരില്ല. സമൂഹത്തെ ധ്രുവീകരിച്ച് രാഷ്ട്രീയ ലാഭം കൊയ്യുന്നതില്‍ മാത്രമായി ഇടതു സര്‍ക്കാറിന്റെ ശ്രദ്ധ ചുരുങ്ങിപ്പോയിരിക്കുന്നു. ആഭ്യന്തര വകുപ്പിന് കീഴിലുള്ള പൊലീസ്, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ നിഷ്‌ക്രിയമായതിന്റെ ദുരന്ത ഫലമാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നത്. പട്ടാപകല്‍ യുവാവിന്റെ കാല്‍ വെട്ടിമാറ്റി റോഡിലെറിഞ്ഞത് ഉള്‍പ്പെടെയുള്ള കിരാതപ്രവൃത്തികള്‍ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പോലും ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഗുണ്ടാ-മാഫിയ സംഘങ്ങള്‍ സജീവമാണെന്ന് വ്യക്തമായിട്ടും പൊലീസിന് കുലുക്കമില്ല.
ആലപ്പുഴ ജില്ലയില്‍ ഗുണ്ടാആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രണ്ട് രാഷ്ട്രീയ നേതാക്കള്‍ വെട്ടേറ്റ് മരിച്ചിരിക്കുന്നത്. എസ്.ഡി.പി.ഐ നേതാവ് കൊല്ലപ്പെട്ടതിന് ശേഷം പ്രതികാരത്തിന് സാധ്യതയുണ്ടെന്ന് ഉറപ്പായിരുന്നു. ഇക്കാര്യം മുന്‍കൂട്ടി കാണാനും മുന്‍കരുതലെടുക്കാനും വലിയ ഇന്റലിജന്‍സൊന്നും ആവശ്യമില്ല. ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ പൊലീസ് പരാജയപ്പെടുന്നത് ഗുരുതരമായ ഭവിഷ്യത്തിന് കാരണമാകും. കഴിഞ്ഞ മാസം പാലക്കാട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്ത് പ്രതികാരത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് അവഗണിച്ചതിന്റെ ദുരന്തഫലമായാണ് രണ്ട് മനുഷ്യജീവനുകള്‍ പിടഞ്ഞുതീര്‍ന്നത്. ആലപ്പുഴയില്‍ രാഷ്ട്രീയ പക്ഷപാതിത്വങ്ങളില്ലാതെ കൊലയാളികളെ പിടികൂടി നീതിക്കുമുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാറും പൊലീസും മുന്‍കയ്യെടുക്കണം. ഇനിയൊരു പ്രതികാരക്കൊല ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മരണം കൊണ്ട് വിലപേശുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.