X
    Categories: Health

ബ്ലഡ് ഷുഗര്‍ പരിശോധന ഇനി വൈറ്റല്‍ സൈന്‍; നിര്‍ണായക നിര്‍ദേശം

ശരീരതാപം, രക്തസമ്മര്‍ദം, പള്‍സ് റേറ്റ്, ശ്വാസഗതി എന്നീ നാലു വൈറ്റല്‍ സൈന്‍സ് ആണ് ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളില്‍ പരിശോധിച്ചു വന്നിരുന്നത്. എന്നാല്‍, ഇവയില്‍ രക്തത്തിലെ പഞ്ചസാര കൂടി ഉള്‍പ്പെടുത്തണമെന്നതാണ് മെറ്റബോളിക് സിന്‍ഡ്രം ക്ലിനിക്കല്‍ റിസേര്‍ച്ച് ആന്‍ഡ് റിവ്യൂസ് ജേണലിലൂടെ അന്തര്‍ദേശീയ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

20 ലേറെ ഗവേഷണ ഫലങ്ങള്‍ അപഗ്രഥിക്കുകയും കോവിഡ് ചികിത്സാ വേളയിലെ കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം. സാധാരണ ഗതിയില്‍ പ്രമേഹമുള്ളപ്പോള്‍ മാത്രമാണ് രോഗികളില്‍ ബ്ലഡ് ഷുഗര്‍ പരിശോധന നിരന്തരം നടത്താറുള്ളത്. എന്നാല്‍ പുതിയ നിര്‍ദ്ദേശപ്രകാരം പ്രമേഹമില്ലാത്തവര്‍, പ്രമേഹപ്രാരംഭാവസ്ഥയിലുള്ളവര്‍, ഏതു രോഗത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നാലും അഞ്ചാമത്തെ വൈറ്റല്‍ സൈന്‍ ആയി ബ്ലഡ് ഷുഗര്‍ പരിശോധിക്കണമെന്നതാണ് പുതിയ നിര്‍ദേശം. പ്രമേഹമില്ലാത്തവരില്‍ പോലും, പഞ്ചസാരയില്‍ നേരിയ വ്യതിയാനങ്ങള്‍ രോഗം തീവ്രമാകുന്നതിനും ആശുപത്രിവാസത്തിന്റെ ദൈര്‍ഘ്യം കൂട്ടുന്നതിനും കാരണമാകുന്നു. രക്തത്തിലെ പഞ്ചസാര അനുവദനീയമായ അളവിനെക്കാള്‍ കൂടുന്നതും കുറയുന്നതും രോഗ തീവ്രത കൂട്ടുമെന്നാണ് കണ്ടെത്തല്‍.

നിരവധി രോഗങ്ങള്‍ക്കായി ചികിത്സ തേടേണ്ടി വരുന്ന രോഗികള്‍ക്ക് രോഗ തീവ്രത കുറയ്ക്കുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ബ്ലഡ് ഗ്ലൂക്കോസ് അഞ്ചാമത്തെ വൈറ്റല്‍ സൈന്‍ എന്ന പുതിയ നിര്‍ദ്ദേശം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

Test User: