കണ്ണൂര്‍ രാഷ്ട്രീയം വീണ്ടും ചോരയില്‍ മുങ്ങുന്നു; മാഹിയില്‍സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മണിക്കൂറുകളുടെ ഇടവേളയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടു സംഭവങ്ങള്‍ക്കു പിന്നിലും ആരാണെന്നു വ്യക്തമായിട്ടില്ല. മേഖലയില്‍ വന്‍ പൊലീസ് സന്നാഹം തമ്പടിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച്കണ്ണൂര്‍ ജില്ലയിലും മാഹിയിലും ചൊവ്വാഴ്ച സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മാഹി നഗരസഭ മുന്‍ കൗണ്‍സിലറാണ് ബാബു. രാത്രി ഒന്‍പതേമുക്കാലോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്. സംഭവം നടന്നതിനു പിന്നാലെ ന്യൂമാഹിയില്‍ സിപിഎംആര്‍എസ്എസ് സംഘര്‍ഷമുണ്ടായി.ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്കു പോകുമ്പോഴായിരുന്നു മാഹി കലാഗ്രാമത്തിനടുത്തു വച്ചു വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍.
മാഹി ലോക്കല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ബാബു. ആറു മാസം മുന്‍പു ബാബുവിന്റെ വീടിനു നേരെ ബോംബാക്രമണമുണ്ടായിരുന്നു. ആര്‍എസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. സമാധാനം നിലനിന്നിരുന്ന കണ്ണൂരില്‍ ആര്‍എസ്എസ് കൊലക്കത്തി താഴെവയ്ക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കൂത്തുപറമ്പില്‍ ആയുധപരിശീലന ക്യാംപ് കഴിഞ്ഞതിനു പിന്നാലെ ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തതാണ് ഈ കൊലപാതകം. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും പോലീസ് അന്വേഷിക്കണം. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചു.