രാജ്യത്തെ ഗുസ്തി മേലാളന്മാരുടെ കൊള്ളരുതായ്മകൾക്കെതിരെ മല്ലയുദ്ധം നടത്തിയ വിനേഷ് ഫോഗട്ട് ഒളിമ്പിക്സിൽ നേടിയ ഉജ്വലവിജയത്തിൽ പ്രതികരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോരക്കണ്ണീരൊഴുക്കിയ ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ ഇന്ന് അധികാരവ്യവസ്ഥയാകെ നഗ്‌നമാക്കപ്പെട്ടിരിക്കുന്നുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
വിനേഷിനൊപ്പം ഈ നാടു മുഴുവൻ ഇന്ന് വികാരാധീനരാണ്. പാരിസിൽ വിനേഷ് നേടിയ വിജയത്തിന്റെ പ്രതിധ്വനികൾ ഡൽഹിയിലും മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
‘ഒറ്റ ദിവസം കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഗുസ്തി താരങ്ങളെ തോൽപിച്ച വിനേഷ് ഫോഗട്ടിനൊപ്പം ഇന്ന് ഈ രാജ്യം ഒന്നടങ്കം വികാരഭരിതരാണ്. വിനേഷ് ഫോഗട്ടിന്‍റെയും സഹതാരങ്ങളുടെയും പോരാട്ടങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ഉദ്ദേശ്യശുദ്ധിയെയും കഴിവിനെയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്തവർക്കെല്ലാം ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു.
ഇന്ത്യയുടെ ഈ ധീരപുത്രിക്കു മുന്നിൽ അധികാര വ്യവസ്ഥയൊന്നാകെ നഗ്‌നമാക്കപ്പെട്ടിരിക്കുന്നു. അവളുടെ കണ്ണുകളിൽ നിന്നൊഴുകുന്നത് ചോരയാണ്. ഇതാണ് യഥാർഥ ജേതാവിന്റെ അടയാളം. അവരുടെ മറുപടികൾ എക്കാലവും ഗോദയിലായിരിക്കും. വിനേഷ് ഫോഗട്ടിന് എല്ലാവിധ ആശംസകളും. പാരിസിൽ താങ്കൾ നേടിയ വിജയത്തിന്റെ പ്രതിധ്വനികൾ ഡൽഹിയിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു.’ – രാഹുൽ ട്വീറ്റിൽ കുറിച്ചു.
പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോ വിഭാഗം ഗുസ്തിയിലാണ് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് മിന്നും പ്രകടനം കാഴ്ചവച്ചത്. സെമി ഫൈനലിൽ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മൻ ലോപസിനെ 5-0നാണ് വിനേഷ് ആധികാരികമായി ഇടിച്ചിട്ടത്.
യുക്രെയ്നിന്റെ ഒക്സാന ലിവാച്ചിനെ 7-5ന് കീഴടക്കി സെമിയിലെത്തിയ അവർ നാലുതവണ ലോക ചാമ്പ്യനും ടോക്യോ ഒളിമ്പിക്സ് സ്വർണജേത്രിയുമായ ജപ്പാന്റെ യുയി സുസാക്കിയെ പ്രീക്വാർട്ടറിൽ മലർത്തിയടിച്ചിരുന്നു. 3 -2നായിരുന്നു ജയം.