മതവൈരങ്ങള്‍ക്കും വര്‍ഗീയ ഫാസിസ്റ്റ് ചിന്തകള്‍ക്കും ചെവികൊടുക്കുന്ന ആപത്കരമായ ഇന്നത്തെ സമൂഹത്തില്‍ മതസൗഹാര്‍ദ്ദത്തിനും മാനവ നന്‍മക്കും മാതൃകയാണ്് കൊച്ചി പള്ളുരുത്തി സ്വദേശിയായ യുവ എഞ്ചിനിയര്‍ ഷാബാസും ഹൈദരാബാദ് സ്വദേശിനിയായ ആറാം ക്ലാസുകാരി മാനസ്വി കരംചേദുവും. ഇവരുടെ ഒത്തുചേരലിനിടെ ഷാബാസിന്റെ മാതാവ് ആയിഷ മാനസ്വിയുടെ കവിളില്‍ ചുംബനം നല്‍കിയത് കണ്ടുനിന്നവരുടെ കണ്ണുകളില്‍ ഈറനണിയിച്ചു. പള്ളുരുത്തി താനത്ത് പറമ്പില്‍ ടി എച്ച് സലിം ആയിഷ ദമ്പതികളുടെ മകനായ ഷാബാസ് കുഴിവേലിപ്പടി കെഎംഇഎ എഞ്ചിനിയറിംഗ് കോളജില്‍ ബിടെക് ഇലക്‌ട്രോണിക് ആന്റ് ഇലക്ട്രിക് വിഭാഗത്തില്‍ പഠിച്ചുകൊണ്ടിരിക്കേയാണ് ധാത്രിയുടെ നേതൃത്വത്തില്‍ 2015ല്‍ കോളജില്‍ രക്ത കോശ നിര്‍ണയ ക്യാമ്പ് നടന്നത്. അന്ന് എല്ലാവരുടെയും പരിശോധിച്ച കൂട്ടത്തില്‍ ഷാബാസും പരിശോധനക്ക് വിധേയനായി രക്ത മൂല കോശ ദാതാവായി രജിസ്റ്റര്‍ ചെയ്തു. താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല ഒരു കുരുന്ന് ജീവന് താന്‍ താങ്ങാവുമെന്ന്. എല്ലാം സര്‍വശക്തന്റെ അനുഗ്രഹമെന്ന് ഷാബാസ് പറയുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് മാരകമായ രക്ത സംബന്ധ അസുഖമുള്ള ഒരു കുട്ടിക്ക് തന്റെ രക്ത മൂലകോശം സാമ്യമുള്ളതായി കണ്ടെത്തിയെന്നുള്ള സന്ദേശം ദാത്രിയില്‍ നിന്നും ഷാബാസിനെ തേടിയെത്തിയത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഷാബാസ് ഏറ്റെടുക്കുകയായിരുന്നു. മറ്റൊരാള്‍ക്ക് സാമ്യമുള്ള ഒരു ദാതാവായി തന്നെ കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു തനിക്കെന്ന് ഷാബാസ് പറഞ്ഞു. അമൃത ആസ്പത്രിയില്‍ വെച്ച് മൂലകോശം വേര്‍പെടുത്തിയെടുത്തത് 2016 ജൂലൈ 29നാണ്. ഈ ദിവസത്തിനുമുണ്ട് പ്രത്യേകത. അന്നാണ് ഷാബാസിന്റെ ജനന തിയതി. ദൈവം അപൂര്‍വം പേര്‍ക്ക് നല്‍കുന്ന അവസരമാണ് ഇത്. ജീവന്‍ തിരിച്ച് കിട്ടിയ കുഞ്ഞിന്റേയും അവരുടെ മാതാപിതാക്കളുടെയും സന്തോഷം കണ്ടപ്പോള്‍ ഞങ്ങളുടെ മനസ് നിറഞ്ഞതായി ഷാബസിന്റെ പിതാവ് സലിം പറഞ്ഞു. ഇപ്പോള്‍ ഐഡിയല്‍ ഡാറ്റാ കമ്പനിയില്‍ എഞ്ചിനിയറിംഗ് ട്രെയിനിയായി ജോലി നോക്കുന്ന ഷാബാസിന്റെ മൂത്ത സഹോദരന്‍ ഷാജഹാന്‍ അബുദാബിയിലാണ്്. സഹോദരി ഷാസ്മി മെട്രോ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ജോലി നോക്കുന്നു. ഹൈദരാബാദ് റേഴ്‌സ് കോഴ്‌സ് റോഡില്‍ സൗഭാഗ്യ നിലയത്തില്‍ കെ കിരണ്‍ കുമാറിന്റേയും കമലയുടേയും മകളായ മാനസ്വി കരം ചേദുവിന് അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് തലസ്സീമിയ മേജര്‍ എന്ന മാരക രോഗമുണ്ടാകുന്നത്. ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ഡോ. രേവതിരാജാണ് അസുഖം കണ്ടുപിടിച്ചത്. അനുയോജ്യമായ ഒരു രക്തമൂല കോശ ദാതാവിനെ ലഭിക്കുന്നത് വരെ എല്ലാ മാസവും സ്ഥിരമായി രക്തം മാറ്റിക്കൊണ്ടിരിക്കാനായിരുന്നു നിര്‍ദേശം. മകള്‍ക്കനുകൂലമായ രക്തമൂലകോശം ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. ഇപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്നും മാനസ്വിയുടെ പിതാവ് കിരണ്‍ കുമാര്‍ പറയുന്നു. മകളുടെ ജീവന്‍ തിരിച്ചു തരാന്‍ കാരണക്കാരനായ ആ യുവാവിനെ കാണുവാന്‍ നാളുകളായി കാത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി തീര്‍ന്ന ഈ ചെറുപ്പക്കാരനെ കണ്ടുമുട്ടിയതില്‍ ഇന്ന് ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. ഞങ്ങളുടെപ്രാര്‍ത്ഥനകളില്‍ അദ്ദേഹം എന്നും കാണുമെന്നും മാനസ്വിയുടെ പിതാവ് വികാര നിര്‍ഭരമായി പറഞ്ഞു. രക്ത മൂല കോശ ദാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയായ ദാത്രിയാണ് വികാരനിര്‍ഭരമായ കൂടിച്ചേരലിന് കൊച്ചിയില്‍ വേദിയൊരുക്കിയത്. രജിസ്ട്രി നിയമപ്രകാരം ദാതാവിന്റെയും സ്വീകര്‍ത്താവിന്റേയും ഒരു വര്‍ഷത്തിന് ശേഷം മാത്രമേ പുറത്ത് വിടാവൂ. ദാതാവും സ്വീകര്‍ത്താവും പരസ്പരം കണ്ടുമുട്ടണമെന്ന ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് മാനസ്വി പൂര്‍ണമായും സുഖംപ്രാപിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചപ്പോള്‍ മാത്രമാണ് ഈ സൗകര്യമൊരുക്കിയതെന്ന് ധാത്രി ഭാരവാഹികള്‍ പറഞ്ഞു. തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡോ. നീരജ്, ഡോ. നാരായണന്‍, ഡോ. ഷേണായ് എന്നിവര്‍ പങ്കെടുത്തു.