നാട്ടിൻപുറം അമേരിക്ക വിചിത്രമായൊരു ലോകമാണ്. ആറേഴു കൊല്ലം ഇത്തരക്കാർ താമസിക്കുന്ന ഒരു ഓണംകേറാ മൂലയിൽ താമസിച്ച പരിചയത്തിൻറെ വെളിച്ചത്തിലാണ് ഈ വിലയിരുത്തൽ. ഒരു ശരാശരി നാട്ടിൻപുറം അമേരിക്കകാരൻറെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമാണ് അവൻറെ ഹൈസ്കൂൾ (12 ആം ക്ലാസ്) ഗ്രാജുവേഷൻ. ദൂരെ താമസിക്കുന്ന ബന്ധുക്കളൊക്കെ പരിപാടിക്ക് വരും. അപ്പൂപ്പനും അമ്മൂമ്മയെയും വലിയമ്മായി വലിയച്ഛൻ ഒക്കെ വണ്ടി പിടിച്ചു വരും. ഒരു പക്ഷെ ഒരു കല്യാണത്തോളം തന്നെ പ്രാധാന്യം ഈ ചടങ്ങിനുണ്ട്. കാരണം അവൻറെ വിദ്യാഭ്യാസം അതോടെ തീരുകയാണ്. നമ്മുടെ നാട്ടിൽ എം.എ യും പി.എച്.ഡി ഒക്കെ കഴിയുമ്പോഴുള്ള മനസ്ഥിഥിയാണ് ഒരു ശരാശരി പന്ത്രണ്ടാം ക്ലാസ്സുകാരനു ഈ അവസരത്തിൽ ഉണ്ടാകുന്നത്.
ഈ വിദ്യാഭ്യാസം ധാരാളം മതി. അവൻറെ വൊക്കേഷനൽ ട്രേഡ് (മെക്കാനിക്, ഡ്രാഫ്‌റ്റ്സമാൻ, ഫോർമ്മാൻ, പെയിൻറർ, ആശാരി) ലൂടെ സാമാന്യം നല്ല സമ്പാദന ശേഷിയുള്ള ഒരു ജോലി അവന് കണ്ടെത്താനാവുമായിരുന്നു.. ഒരു ശരാശരി ഫാക്ടറി തൊഴിലാളി ആയാലും ഏകദേശം ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തോട് അടുത്ത് തന്നെ സമ്പാദിക്കാം. മിക്ക ഫാക്ടറി ജോലികളും യൂണിയനൈസ്‌ഡും ആണ്. അതിനാൽ നല്ല ആനുകൂല്യങ്ങളും ലഭ്യമാണ്.
കഴിഞ്ഞ 16 വർഷം കൊണ്ട് ഈ ജോലികളെല്ലാം അപ്രത്യക്ഷമായി. ഉദാരവത്കരണവും, ഗ്ലോബലൈസേഷനും ആണ് കാരണം. ഫാക്ടറികൾ പുതിയ ലാഭം തേടി മനുഷ്യരെ മെഷീനുകൾ വെച്ച് റീപ്ലേസ് ചെയ്തു. ലാഭമുണ്ടാക്കാൻ സാധിക്കാത്തവ പൂട്ടിയും പോയി. ഒരു കാര്യം മനസ്സിലാക്കണം. ആൾക്കാരുടെ ജോലിയെ നഷ്ടപ്പെട്ടിട്ടുള്ളു. കമ്പനികളുടെ ഉത്പാദനം ഈ കാലയളവിൽ നാലു മടങ്ങായി. 1970 കളെ അപേക്ഷിച്ച് കമ്പനികളുടെ ലാഭം 20 മടങ്ങും വർദ്ധിച്ചു. ഇന്നും ഉത്പാദനം ആണ് അമേരിക്കൻ GDP യുടെ 36% വും.
ജോലിയിലും, ജീവിതത്തിലും വന്ന ഈ വത്യാസം നാട്ടിൻപുറം അമേരിക്കക്കാർ മനസ്സിലാക്കിയിരിക്കുന്നത് വത്യസ്തമായാണ്. തൊഴിലുകൾ വിദേശത്തേയ്‌ക്ക് പോയിരിക്കുന്നു. ഇമിഗ്രൻറ്സ് തങ്ങളുടെ ജോലികളും ജീവിതോപാധിയും തട്ടിയെടുത്തിരിക്കുന്നു. 100 കൊല്ലത്തിൽ ആദ്യമായി, വെറുമൊരു ഹൈസ്കൂൾ ഡിപ്ലോമ കൊണ്ട് പഴയ പോലെ വരുമാനമുള്ള ഒരു ജോലി ലഭിക്കില്ല എന്ന യാതാർത്ഥ്യമായി പലർക്കും സമരസപ്പെടാൻ പറ്റിയിട്ടില്ല. ഇന്ന് നാപ്പത് വയസ്സിനു മുകളിലുള്ള ഈ പ്രദേശങ്ങളിൽ ജീവിക്കുന്ന മിക്ക തൊഴിലാളികൾക്കും ജോലി നഷ്ടപ്പെടുകയൊ, സമാനമായ സമ്പാദന ശേഷിയുള്ള ജോലി കണ്ട് പിടിക്കാനുള്ള ബുദ്ധിമുട്ടിലും ആണ്. ഇവരാണ് ഹിലരിയെ തോൽപ്പിച്ചത്.
റിസൾട്ടുകൾ രേഖപ്പെടുത്തിയിരിക്കുന്ന ഒരു അമേരിക്കൻ മാപ്പെടുത്താൽ ട്രംപ് ജയിച്ച ചുവന്ന സ്‌റ്റേറ്റുകളാണ് കൂടുതൽ. പക്ഷെ പോളു ചെയ്ത മൊത്തം പോളുകളുടെ സ്ഥിഥി എടുത്താൽ രണ്ട് പേരും 47 ശതമാനം വോട്ടുകൾ നേടി ഏകദേശം തുല്യരായി നിൽക്കുന്നത് കാണാം. ഹിലരിക്ക് ലഭിച്ച വോട്ടുകൾ മൊത്തവും സിറ്റികളിൽ നിന്നും സിറ്റികളോട് ചേർന്ന സബർബ്ബുകളിൽ നിന്നുമാണ്. ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ഉള്ള നാട്ടിൻപുറം അമേരിക്കയുടെ വോട്ടുകളാണ് ട്രംപിന് ഗുണമായത്.
മിഷിഗണും, വിസ്‌കോണ്സിനും, പെൽസിൽവാനിയയും ട്രംപിനു നേടാനായതാണ് ക്രൂഷ്യലായ വിജയഘടകം. ഇവിടാണ് അമേരിക്കയുടെ റസ്‌റ്റ് ബെൽറ്റ് (തുരുമ്പു മേഖല). പെൻസിൽവാനിയുടെ വടക്ക് വശത്തു നിന്ന് wisconsin വഴി മിനസോട്ടയിലേയ്‌ക്ക് ഡയഗണലായി ഒരു വര വരച്ചാൽ അതിനപ്പുറം ഇപ്പറം കിടക്കുന്ന സ്ഥലമാണ് തുരുമ്പ് മേഖല. അടച്ചു പോയിട്ട് തുരുമ്പെടുത്ത് ഉപയോഗ്യ ശൂന്യമായ ഫാക്ടറികൾ നിറഞ്ഞ ഈ മേഖലയാണ് ഹിലരിയുടെ പരാജയത്തിൻറെ ആണിക്കല്ലടിച്ചത്. വിസ്കോണ്സിനും, മിഷിഗനും, ഒരു പക്ഷെ പെൻസിൽവാനിയയും ക്ലിൻറണ് അനുകൂലമായിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞർ മൊത്തം ഫ്ലോറിഡയും, നോർത്ത് കരോളീനയിലേയ്‌ക്കുമാണ് ശ്രദ്ധിച്ചിരുന്നത്. അവിടെ ക്ലിൻറണ് തോറ്റാലും പെൻസിലവാനിയയും, നെവാടയും. അല്ലെങ്കിൽ പെൻസിൽവാനിയയും ന്യുഹാംഷൈറും മാത്രം ജയിച്ച് ഹിലരിക്ക് ജയിക്കാമായിരുന്നു. പക്ഷെ മിഷിഗണും, വിസ്കോണ്സിനും ഉറപ്പായിരുന്ന സീറ്റുകൾ ജയിച്ചിരുന്നെങ്കിൽ മാത്രം.
ട്രംപിൽ എന്താണ് ഇവിടുത്തുകാർ കണ്ടത് ?
അതാണ് പ്രഹേളികയായി അവശേഷിക്കുന്നത്. വെറുപ്പ് സമർത്ഥമായി വിറ്റതാണ് ട്രംപിന് നേട്ടമായത്. മേക് അമേരിക്ക ഗ്രേറ്റ് എഗെയിൻ എന്ന മുദ്രാവാക്യം ഇവർക്ക് ക്ഷ പിടിച്ചു. വെറും ഹൈസ്കൂൾ വിദ്യാഭ്യാസം കൊണ്ട് സംബാദന ശേഷിയുള്ള ജോലികൾ ലഭ്യമായിരുന്ന 80 കളുടെ നൊസ്‌റ്റാൾജിക് ഓർമ്മകൾ ഉണർത്താൻ ട്രംപിനായി. ട്രംപിൻറെ സ്ത്രീ വിരുദ്ധതയൊ, മൂന്നു പ്രാവശ്യം ഡൈവോഴ്‌സ് ചെയ്യപ്പെട്ടവനെന്നതോ ഒക്കെ ഒരു അർബ്ബൻ മൂല്യങ്ങളെയെ അവഹേളിക്കുന്നുള്ളു. ഈ നാട്ടിൻപുറം അമേരിക്കയിലെ പാട്രിയാർക്കൽ സൊസൈറ്റിയുടെ എക്സാറ്റ് പ്രതിരൂപമാണ് ട്രംപ്. അവർക്ക് ട്രംപിനോട് അവരിലൊരാളായി താതാദ്മ്യം ചെയ്യാൻ പറ്റി. അവർക്കീ സ്‌ത്രീ വിരുദ്ധതയെന്നത് പൊളിറ്റിക്കലി ഇൻകറക്ടല്ല. അവരുടെ ശരാശരി ജീവിതത്തിൻറെ ഭാഗമാണവ. മീഡിയ ട്രംപിനെ കുറ്റക്കാരനാക്കി വിധിച്ചത് അവർക്കെതിരെയുള്ള ആരോപണമായി പോലും അവർക്ക് തോന്നിയിരിക്കും.
ഏതായാലും അടുത്ത നാലു കൊല്ലം എങ്ങനെയാകും എന്ന് കണ്ടറിയണം. മുസ്ലീം, ഇമിഗ്രൻറസ് വിരുദ്ധത നിറഞ്ഞ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ട്രംപിൻറെ അനുയായികൾ വിജയം ആഘോഷിച്ചത്. ഇൻഡ്യ ഒരു പാഠമായി കരുതാമെങ്കിൽ ഫ്രിഞ്ച് എലമെൻറുകൾ ഫണം വിടർത്തിയേക്കാം. ഏതായാലും സ്‌റ്റോക് മാർക്കെറ്റുകൾ പൊട്ടി പാളീസായിട്ടുണ്ട്. സംഭവം കലങ്ങി തെളിഞ്ഞ് ശാന്തമാകുമെന്ന് വിശ്വസിക്കുന്നു.