കഴിഞ്ഞ പത്തു ദിവസത്തിൽ അമേരിക്കയിൽ വെടി കൊണ്ട് മരിച്ച ഇൻഡ്യക്കാരുടെ എണ്ണം മൂന്നായി. കാൻസ്സസ്സിലും, വാഷിംഗ്ടണ്ണിലും, സൌത് കരോളിനയിലും ഒരോരുത്തർ വെച്ച് മരിച്ചു. കാൻസ്സസ്സിൽ പരിക്കേറ്റ വേറൊരു ഇൻഡ്യക്കാരൻ സുഖം പ്രാപിച്ചു വരുന്നു.
മൂന്നു സ്ഥലങ്ങളും മൈലുകൾ അകലത്താണ്. മൂന്ന് വത്യസ്ത പശ്ചാത്തലത്തിൽ നിന്ന് വന്നവരാണ് കുറ്റകൄത്യം നടത്തിയത്. മൂവരും വംശീയ വിദ്വേഷത്തിൽ നിന്നാണ് കുറ്റം ചെയ്യാൻ പ്രചോദിതരായത്. ആരാണ് ഇവർക്കു മൂവർക്കും താതാത്മ്യം പ്രാപിക്കാൻ സാധിച്ച ആ മെസ്സേജ് നൽകിയത്.?. എന്തായിരുന്നു ആ മെസ്സേജ് ? അതാണ് ഡോഗ് വിസിൽ.
ഡോഗ് വിസിൽ എന്നാൽ ഹൈ ഫ്രീക്വൻസ്സിയിലുള്ള ഒരു വിസിലാണ്. മനുഷ്യരുടെ ശ്രവണ ശ്രേണിക്കതീതമായ ശബ്ദമാണ്. പക്ഷെ പട്ടികൾക്ക് മാത്രം കേൾക്കാൻ സാധിക്കുന്ന ഫ്രീക്വൻസ്സിയിലുള്ള ശബ്ദം. രാഷ്ട്രീയക്കാരുടെ സന്ദേശങ്ങളും, വാദങ്ങളും ഇത് പോലെ ചിലർക്ക് കേൾക്കാൻ മാത്രം പരുവത്തിലാകുന്ന അവസ്ഥയെയാണ് രാഷ്ട്രീയത്തിലെ ഡോഗ് വിസിൽ എന്ന് വിളിക്കുന്നത്. പ്രത്യേകിച്ചു തെളിവുകളൊന്നുമില്ലാത്ത, എന്നാൽ ആൾക്കാരെ വൈകാരികമായി സ്വാധീനിക്കാവുന്ന സന്ദേശങ്ങളാണ് ഡോഗ് വിസിലുകൾ. അത്ര പ്രകടമാകാത്ത എന്നാൽ കേൾക്കുന്നവന് കൄത്യമായി സന്ദേശങ്ങൾ ഗ്രഹിക്കാൻ കഴിയുന്നതായിരിക്കുകയും ചെയ്യും.
ട്രംപ് തൻറെ തിരഞ്ഞെടുപ്പു പ്രചരണങ്ങളിൽ മുഴുവൻ ഡോഗ് വിസിലുകൾ സമർത്ഥമായി ഉപയോഗിച്ചു. പക്ഷെ ട്രംപല്ല ഡോഗ് വിസിലിൻറെ ഉപജ്ഞാതാവ്. റൊണാൾഡ് റീഗനാണ് അമേരിക്കയിൽ ആദ്യമായി ഡോഗ് വിസിലുകൾ പരീക്ഷിച്ചത്. പുള്ളിയുടെ പ്രചരണം മുഴുവൻ ഗവണ്മെൻറ് ആനുകൂല്യങ്ങൾ സ്വീകരിച്ച് തിന്ന് കൊഴുത്തു ജീവിക്കുന്നവരെ കുറിച്ചായിരുന്നു. ട്രംപ് ഇതേ റെട്ടറിക്കുകൾ ഏറ്റു പിടിച്ചു. അതോടൊപ്പം ഇമ്മിഗ്രൻസ്സാണ് അമേരിക്കയിലെ തൊഴിൽ മേഖല തകർത്തതെന്ന ഡോഗ് വിസിലും ചേർത്തു. ഈ വിസിലിനു വിളി കേൾക്കാൻ ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ആളെ കിട്ടും, അത് വായ്‌പ്പാട്ടായി പടർന്ന് ഒരു പൊതു ബോധമായി ഉറയ്‌ക്കും എന്ന തിരിച്ചറിവാണ് ഡോഗ് വിസിലുകൾ ഉപയോഗിക്കാനുള്ള പ്രചോദനം. വിസിലിനു വിളി കേട്ട ചിലർ പ്രശ്നങ്ങൾ സ്വയം തീർപ്പാക്കാൻ ഇറങ്ങി പുറപ്പെടും എന്നും ഇവർക്കറിയാം. അത് ഒരു ബോണസ്സ് ആയെ കൂട്ടുന്നുള്ളു.
ഡോഗ് വിസിലുകൾ കേൾക്കാൻ അമേരിക്ക വരെ പോകണ്ട. ഇൻഡ്യയിൽ ബി.ജെ.പി സമർത്ഥമായി ഉപയോഗിച്ച തന്ത്രമാണ് ഡോഗ് വിസിലുകൾ. 1992 ബാബറി മസ്ജിത് പൊളിച്ചത് ഒരു ഡോഗ് വിസിലിനു ലക്ഷങ്ങൾ ചെവി കൊടുത്തു എന്നതിന് തെളിവാണ്. ഏതെങ്കിലും നേതാക്കൾ ബാബറി മസ്ജിത് പൊളിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നൊ ?. ഇല്ല. അവിടാണ് ഡോഗ് വിസിലിൻറെ ഗുണം. ഹൈ ഫ്രീക്വൻസ്സി ശബ്ദങ്ങൾ ശ്രവിക്കാൻ സജ്ജമായ ചെവികൾ ആ വിസിലടികൾ കേൾക്കും. അവരാണ് പള്ളി പൊളിച്ചത്. ഈ അടുത്ത് പ്രധാനമന്ത്രി യു.പി യിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും ഡോഗ് വിസിൽ ഉപയോഗിച്ചു. “റംസാനു കറണ്ട് നൽകുന്നെങ്കിൽ, ഹോളിക്കും കറണ്ട് എത്തിക്കണം” എന്നായിരുന്നു വിസിൽ. കേൾക്കുന്നവന് റംസാനു കറണ്ടുണ്ടായിരുന്നൊ ?, ഹോളിക്ക് കറണ്ട് ഉണ്ടായിരുന്നൊ എന്ന് അന്വേഷിക്കണ്ട ബാദ്ധ്യത ഇല്ല. തെളിവും വേണ്ട. ബി.ജെ.പി ഒഴിച്ച് എല്ലാ ഗവണ്മെൻറുകളും മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്ന് വിശ്വസിക്കുന്ന ഒരുത്തനു ആ വിസിലടി കേൾക്കാൻ പറ്റി. അത്രയേ പ്രധാനമന്ത്രിയും ഉദ്ദേശിച്ചുള്ളു. ഗുജറാത്തിൽ പോലീസ് സ്‌റ്റേഷനുകളിലെ പരസ്യമായ ആയുധ പൂജ മറ്റൊന്ന്. ദസ്സറ ആഘോഷങ്ങളിൽ മുഴങ്ങുന്ന ജയ് ശ്രീരാം വിളികൾക്കൊപ്പം പ്രദർശിപ്പിക്കുന്ന ആയുധങ്ങളും ആകുമ്പോൾ അതൊരു ഡോഗ് വിസിലായി മാറും.
ഡോഗ് വിസിലുകൾ വേറൊരു രീതിയിലും അവാം. മൌനത്തിലൂടെ. സാധ്വി പ്രാചി, സാക്ഷി മഹാരാജ്, സ്വാമി ആദിത്യാനന്ദ, ശശികല, മോഹൻ ഭഗവത് ഒക്കെ നടത്തുന്ന പരസ്യമായി വെല്ലു വിളികളും, നട്ടാൽ കുരുക്കാത്ത നുണകളോടും ബി.ജെ.പി നേതൄത്വം കാണിക്കുന്ന മൌനവും ഒരു ആഹ്വാനമാണ്. ഡോഗ് വിസിലുകൾ ഫ്രിഞ്ച് എലമെൻറുകൾക്ക് ഫലപ്രദമായി ഉപയോഗിക്കാനുള്ള മൌനാനുവാദം. മുഹമ്മദ് അഖ്ലക്കിനെ ബീഫ് തിന്നു എന്ന പേരിൽ തല്ലി കൊന്നപ്പോൾ ബി.ജെ.പി നേതൄത്വം അവലംബിച്ച മൌനം ഒരു ഉദാഹരണമാണ്. ട്രംപും ഈ രീതിയാണ് അവലംബിക്കുന്നത്. ഇൻഡ്യക്കാരുടെ കൊലപാതകത്തെ കുറിച്ചു ട്രംപും ഒരക്ഷരം മിണ്ടിയിട്ടില്ല. കാൻസ്സസ്സിലെ ഷൂട്ടിങ് കഴിഞ്ഞപ്പഴെ പുള്ളി അപലപിച്ചിരുന്നേൽ തുടർന്ന് വാഷിംഗ്‌ടണ്ണിലും, സൌത് കരോളിനയിലും വെടിവെയ്‌പ്പുകൾ ഉണ്ടാകുമായിരുന്നില്ല. പക്ഷെ എങ്ങനെ അപലപിക്കും. ഇമ്മിഗ്രൻസ്സിനെ വില്ലൻ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. അത് മാറ്റി പറഞ്ഞാൽ തൻറെ മൊത്തം മെസ്സേജിംഗ് ഫ്രേം വർക്കും തകരും.
പറയുമ്പോൾ എല്ലാം പറയണമല്ലൊ. ഡോഗ് വിസിലുകൾ ഉപയോഗിക്കുന്നതിൽ ഇന്ന രാഷ്ട്രീയ പാർട്ടികൾ എന്നില്ല. ബി.ജെ.പി ആണ് ഡോഗ് വിസിലുകൾ ഏറ്റവും പ്രചോദനപ്പെടുത്തിയത്. കോണ്‌ഗ്രസ്സും, എന്തിനേറെ നമ്മുടെ കേരളത്തിലെ സി.പി.എം വരെ ഡോഗ് വിസിൽ ഉപയോഗിക്കാൻ മിടുക്കരാണ് (വരമ്പത്ത് കൂലി പ്രസംഗം ഓർക്കുക). ഡോഗ് വിസിലുകൾ ഉപയോഗിക്കുന്നതിൽ തെറ്റുമില്ല. പക്ഷെ മറ്റൊരാളെ ഹനിക്കാനായി മനപ്പൂർവ്വം ഇറക്കുന്ന ഡോഗ് വിസിലുകളെയാണ് പേടിക്കണ്ടത്. ഡോഗ് വിസിലിനു വിളി കേട്ട് ഫേസ്ബുക്കിലും, വാട്സാപ്പിലൂടെയും പകയും വിദ്വേഷവും വിളമ്പി നടക്കുന്നവരെയും.
ഒരു പൊളിറ്റിക്കൽ തത്വശാസ്ത്രത്തെ അതിൻറെ മെറിറ്റോടെ എതിർക്കാനും, സ്വീകരിക്കാനും സാധിക്കും. ഇടതു പക്ഷമെന്നാൽ വലിയ ഗവണ്മെൻറ്, എല്ലാ മേഖലയിലും റെഗുലേഷൻ, തുറന്ന അതിർത്തികൾ, ചെറിയ പട്ടാള ബഡ്ജറ്റ്. വലതു പക്ഷമെന്നാൽ, ചെറിയ ഗവണ്മെൻറ്, ഒരു മേഖലയിലും റെഗുലേഷൻ ഇല്ലായ്‌മ, വലിയ പട്ടാള ബഡ്ജറ്റ്. ഇത്രയേ ഉള്ളു രണ്ടും തമ്മിലുള്ള വത്യാസം. ഈ രണ്ട് രീതിയെയും അതിൻറെ എല്ലാ ഗുണവും ദോഷത്തോടെയും സ്വീകരിക്കാം. വാദങ്ങളും പ്രതിവാദങ്ങളും ആവാം. പക്ഷെ പട്ടി വിസിലിനു വിളി കേട്ട് കൊല്ലാനായി ഇറങ്ങി വരുന്നവരെ എങ്ങനെ നേരിടണം എന്ന് ഒരു പിടിയുമില്ല.