X
    Categories: Video Stories

പ്രണയം അക്രമാസക്തമാകുന്ന കാലം

വര: മുഖ്താര്‍ ഉദരംപൊയില്‍

കുറച്ചുനാൾ മുമ്പ് സുഹൃത്തിന്റെ ബന്ധുവായ പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ ഒരു കല്യാണവീട്ടിൽ വെച്ച് ഡിഗ്രിക്കാരനായ ഒരു പയ്യൻ കാണുന്നു. കുറേനേരം അവളുടെ പിറകെ ചുറ്റിത്തിരിഞ്ഞ ചെറുപ്പക്കാരൻ അവളെ ഒറ്റക്ക് കിട്ടിയപ്പോൾ നടത്തിയ അറ്റാക്ക് ഇങ്ങനെ.

“ഡീ..നിന്നെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. നിന്നെ എനിക്ക് കല്യാണം കഴിക്കണം. എന്താ അഭിപ്രായം?”
ഇത് കേട്ട് പരിഭ്രമിച്ചു പോയ പെൺകുട്ടി അവന്റെ കണ്ണിൽ പെടാതെ അവിടെ നിന്ന്

നജീബ് മൂടാടി

വീട്ടിലേക്ക് മുങ്ങി.
സംഗതി അവിടം കൊണ്ടവസാനിച്ചില്ല. പിറ്റേദിവസം സ്‌കൂൾ വിട്ട് ബസ്സ് കാത്തു നിൽക്കുമ്പോൾ സിനിമയിലെ വില്ലനെപ്പോലെ പയ്യൻ അവൾക്ക് മുന്നിൽ.
“എന്താടീ മറുപടി പറയാതെ പോന്നാൽ ഞാൻ നിന്നെ കണ്ടെത്തില്ല എന്ന് കരുതിയോ”
പേടിച്ചും പരിഭ്രമിച്ചും ആകെ തകർന്നുപോയ പെൺകുട്ടി കരഞ്ഞു കൊണ്ട് വീട്ടിലെത്തി കാര്യം പറഞ്ഞു. എന്തായാലും വീട്ടുകാർ സംഗതി ‘വേണ്ട രീതിയിൽ കൈകാര്യം’ ചെയ്തതോടെ ആ ശല്യം അവിടെ അവസാനിച്ചു.

കൊച്ചിയിൽ മരണപ്പെട്ട മിഷേലിന്റെ പിന്നാലെ നിരന്തരമായി ശല്യം ചെയ്തു നടന്ന ചെറുപ്പക്കാരനെ കുറിച്ച് വായിക്കുമ്പോൾ ഇതാണ് ഓർമ്മ വന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് തലശ്ശേരിയിൽ ഒരു വിദ്യാർത്ഥിനി പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ഒരു ചെറുപ്പക്കാരന്റെ കൊലക്കത്തിയ്ക്ക് ഇരയായത്. കുത്തുകൊണ്ട്‌ വീട്ടിലേക്കോടിയ ആ മോളെ വീടിന്റെ ഗേറ്റ് തുറക്കാൻ കഴിയും മുമ്പേ വീണ്ടും വീണ്ടും കുത്തിവീഴ്ത്തി മരിച്ചു എന്നുറപ്പാക്കിയിട്ടെ ക്രൂരനായ ആ കൊലയാളി പിന്തിരിഞ്ഞുള്ളൂ.

വല്ലാത്ത ഒരു നടുക്കത്തോടെയാണ് നാം ഈ വാർത്തകളൊക്കെ വായിക്കേണ്ടി വരുന്നത്. ഒരു പെണ്ണിനോട് ഇഷ്ടമോ പ്രണയമോ തോന്നുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷെ അവൾക്ക് തിരിച്ചങ്ങോട്ട് അങ്ങനെ ഒരു താത്പര്യമില്ലെങ്കിൽ പിറകെ നടന്നു ദ്രോഹിക്കാനും, കൊല ചെയ്യാൻ പോലും മടി തോന്നാതിരിക്കുകയും ചെയ്യുന്ന മാനസിക നിലയെ എന്ത് പേരിട്ടാണ് വിളിക്കുക. പഠിപ്പും വിവരവും ഉള്ളവർ എന്ന് നാം കരുതുന്ന ഒരു തലമുറയുടെ മനോഭാവം ഇങ്ങനെയൊക്കെ ആയി മാറുന്നു എന്നത് വല്ലാതെ പേടിപ്പിക്കുന്നുണ്ട്.

കാണാൻ അല്പം സൗന്ദര്യമുള്ള, ഇത്തിരി എഴുത്തും വായനയും സാമൂഹ്യ പ്രവർത്തനങ്ങളും ഒക്കെയുള്ള കലാ-കായിക രംഗത്തൊക്കെ സജീവമായ പെൺകുട്ടികളെ കാണുമ്പോഴാണ് പലർക്കും അവളെയങ്ങ് കല്യാണം കഴിച്ചു കളയാം എന്ന പൂതി തുടങ്ങുന്നത്. ഒരുപാടാളുകൾ കൊതിക്കുന്ന ഒന്ന് തന്റെ മാത്രം സ്വന്തമാക്കുന്നതിന്റെ ഹരം മാത്രമാണ് ഇതിനുള്ള പ്രേരണ. നേരിട്ടോ അല്ലെങ്കിൽ എങ്ങനെയെങ്കിലും ഫോൺ/വാട്സ് ആപ്പ് നമ്പർ സംഘടിപ്പിച്ചോ fb മെസേജ് വഴിയോ ഇവരീ മുഹബ്ബത്തിന്റെ അടപ്പ് തുറക്കുന്നത് ആദ്യമൊക്കെ വളരെ മാന്യമായ രീതിയിൽ ആയിരിക്കും. സൗന്ദര്യത്തെ, എഴുത്തിനെ, കഴിവിനെ ഒക്കെ വാനോളം പുകഴ്ത്തിയുള്ള ഇടപെടലുകൾ എത്തിച്ചേരുക ഞാൻ ജീവിതസഖിയായി തേടിക്കൊണ്ടിരിക്കുന്ന പെൺകുട്ടി നീയാണ് എന്ന മട്ടിലാണ്.

പെൺകുട്ടി ഇത് നിരാകരിക്കുന്നതോടെ സമ്മർദതന്ത്രം തുടങ്ങുന്നു. തന്റെ യോഗ്യതകൾ, കുടുംബമഹിമ, സാമ്പത്തികശേഷി തുടങ്ങിയ പ്രോലോഭനങ്ങൾ ആണ് പിന്നെ. വീട്ടുകാരെ കല്യാണ ആലോചനക്ക് പറഞ്ഞയക്കുന്ന ഭീകരന്മാർ വരെ ഉണ്ട്. മറ്റു ചിലരാണെങ്കിൽ തന്റെ ഇല്ലായ്മയോ ദുഖമോ ഒറ്റപ്പെടലോ അങ്ങനെ കുറെ സെന്റി ഇറക്കിയാണ് പ്രണായാഭ്യർഥന ഉറപ്പിക്കുക. നീയില്ലെങ്കിൽ ചത്തുകളയും എന്ന് പറയാനും ഇവർ മടിക്കില്ല. ഒരു വിധത്തിലും തങ്ങൾ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടക്കില്ല എന്ന് ഉറപ്പാകുന്നതോടെ പിന്നെ പകയും പ്രതികാരവുമായി സീൻ മാറുന്നു. പാലേ തേനെ എന്ന് വിളിച്ചവൻ തെറി വിളിക്കാൻ തുടങ്ങുക മാത്രമല്ല തഞ്ചം കിട്ടിയാൽ അപവാദം പ്രചരിപ്പിക്കാനും മടിക്കില്ല.

കേരളത്തിൽ അത്ര വ്യാപകം അല്ലെങ്കിലും ആസിഡ് ഒഴിച്ച് പ്രണയം നിരസിച്ച പെണ്ണിന്റെ മുഖവും ജീവിതവും വികൃതമാക്കുന്നവരുടെ അതേ മനസ്ഥിതി ഉള്ളവർ തന്നെയാണ് ഇതും. ഇക്കൂട്ടരുടെ വലിയൊരു താവളമാണ് ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ. അത്യാവശ്യം എഴുത്തും ചിന്തയും സാമൂഹ്യപ്രവർത്തനങ്ങളും ഇടപെടലുകളും ഒക്കെയുള്ള പെൺകുട്ടികൾക്ക് ഫേസ്‌ബുക്കിൽ ഇമ്മാതിരി വിവാഹ മോഹികളുടെ മെസേജുകൾക്ക് യാതൊരു ക്ഷാമവും ഇല്ല. പ്രതികരണമില്ലാതിരിക്കുകയോ മറുപടി അനുകൂലമല്ലാതിരിക്കുകയോ ചെയ്യുമ്പോൾ പിന്നെ ആ പെൺകുട്ടികൾ ഇടുന്ന പോസ്റ്റിനു ചുവട്ടിലാണ് ഇവരുടെ പ്രതികാര നടപടികൾ. തർക്കിച്ചും പരിഹസിച്ചും ഇകഴ്ത്തിയും തെറിവിളിച്ചും പെണ്ണിനെ ഒതുക്കാൻ അവർക്ക് പ്രിയപ്പെട്ട ആയുധങ്ങളായി ഉപയോഗിക്കുക സദാചാരവും മതവും ആണ്. അപ്പോൾ പിന്നെ കൂടുതൽ ആരും ഇടപെട്ട് ഇവരെ എതിർക്കില്ല എന്ന് മാത്രമല്ല പിന്തുണക്കാൻ പിന്നെയും ആളുകൾ ഉണ്ടാവും. നിരാശകാമുകന്മാർ സംഘടിതമായി ആക്രമിക്കുന്ന കാഴ്ച ഫേസ്ബുക്കിലെ പല പെൺകുട്ടികളുടെയും പോസ്റ്റിൽ സ്ഥിരമാണ്.

ഇത്രമേൽ കുടുസ്സായ മനസ്സും ആണാധികാരത്തിന്റെ വിജൃംഭിത ബോധവുമായി നടക്കുന്ന ഈ ചെറുപ്പക്കാരെ പെൺകുട്ടികൾ അകറ്റി നിർത്തുന്നതിൽ അത്ഭുതമുണ്ടോ! പഴയ കാലത്തെ വിടന്മാരായ നാടുവഴികളുടെയോ ജന്മിമാരുടെയോ ഒക്കെ ഒരു മനോഭാവം ഉണ്ടല്ലോ, അടിയാത്തിപ്പെണ്ണിനെ കണ്ടു മോഹം തോന്നിയാൽ കിടപ്പറയിലേക്ക് എത്തിക്കുന്ന അധികാരഭാവം. അടിയാന്റെ മണ്ണും പെണ്ണുമൊക്കെ തന്റെ അവകാശമാണ് എന്ന് ധരിച്ചവരുടെ അതേ മനോഭാവമാണ് ഇന്നും പല ചെറുപ്പക്കാർക്കും പെണ്ണിനോടുള്ളത്. ‘നിന്നെ എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു നിന്നെ ഞാൻ കല്യാണം കഴിച്ചേ അടങ്ങൂ’ എന്ന മട്ട്. അവളുടെ ഇഷ്ടമോ താല്പര്യമോ അവന് വിഷയമേ അല്ല! ഭീഷണിപ്പെടുത്തിയോ സമ്മർദതന്ത്രം പ്രയോഗിച്ചോ തന്റെ സ്വന്തമാക്കണം അത്രയേ വേണ്ടൂ. അതിനു വേണ്ടി എങ്ങനെയൊക്കെ ശല്യം ചെയ്യാനും യാതൊരു മടിയും ഇല്ല.

ഇതിന്റെ സങ്കടകരമായ വശം എന്താണെന്നു വെച്ചാൽ മിക്കവാറും പെൺകുട്ടികൾക്കും ഇതൊക്കെ വീട്ടുകാരോട് പങ്കുവെക്കാൻ മടിയാണ്. എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാവേണ്ട എന്ന ഭീതി മാത്രമല്ല മിണ്ടാതിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇതൊക്കെ അറിയുമ്പോൾ മിക്ക രക്ഷിതാക്കളും ആദ്യം ശ്രമിക്കുക പെൺകുട്ടികളെ കുറ്റപ്പെടുത്താനും ശാസിക്കാനുമാണ്. അവളുടെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ അരിയാനും ഒന്നുകൂടി ഒതുക്കാനുമാണ് പലരും നോക്കുക. പിതാവ് നാട്ടിൽ ഇല്ലാത്ത കുട്ടികൾ ആകുമ്പോൾ പ്രത്യേകിച്ചും. പേരുദോഷം പെൺകുട്ടിക്കാണല്ലോ എന്ന ആധി കൊണ്ട് ചിലപ്പോൾ പഠനം തന്നെ നിർത്തിക്കളയാനും ചില രക്ഷിതാക്കൾ മടിക്കില്ല. ‘മുള്ള് ഇലയിൽ വീണാലും’ എന്ന നാട്ടുനടപ്പ് നന്നായി അറിയുന്നവരാണല്ലോ അവർ.

ചെറുപ്പം മുതൽ കൊണ്ടുനടക്കുന്ന ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളുമൊക്കെ ഒരുത്തന്റെ വികൃത മനസ്സിന്റെ ചെയ്തികൾ മൂലം അവസാനിപ്പിക്കേണ്ടി വരുമല്ലോ എന്നോർത്ത് സർവ്വവും സഹിച്ചു മിണ്ടാതിരിക്കുകയാണ് ഏറെ പെൺകുട്ടികളും. ഇതുതന്നെയാണ് ഇക്കൂട്ടർക്ക് വളമായി മാറുന്നതും.

ഇതൊന്നും അതിശയോക്തി നിറഞ്ഞ. വെറും കെട്ടുകഥയല്ലെന്നു മനസ്സിലാവാൻ പ്രിയപ്പെട്ട രക്ഷിതാവേ നിങ്ങളുടെ മകളോട് സ്നേഹപൂർവ്വം ഒന്ന് അന്വേഷിച്ചു നോക്കുക. കണ്ണീരോടെ അവൾ പറയും അവൾ അനുഭവിച്ച അല്ലെങ്കിൽ കൂട്ടുകാരികൾ അനുഭവിക്കുന്ന ഇങ്ങനെയുള്ള നൂറു കഥകൾ.

ആൺകുട്ടികൾ എല്ലാം മോശക്കാരാണ് എന്നല്ല. ക്‌ളാസ് മുറിയിൽ ആയാലും ജോലിസ്ഥലത്തായാലും സോഷ്യൽ മീഡിയ ഇടപെടലുകളിൽ പോലും ഉറ്റവരെക്കാളും കരുതലും സ്നേഹവുമായി കൂടെ നിൽക്കുന്ന പുരുഷന്മാർ ഏറെയുണ്ട്. പക്ഷെ പെണ്ണ് വെറും അടിമയാണ് എന്ന മനോഭാവത്തോടെ ഇടപെടുന്ന ചിലരെങ്കിലും ചുറ്റുമുണ്ട് എന്നത് വാസ്തവമാണ്. ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കാനും അവളെ ഭീതിയുടെയും സമ്മർദത്തിന്റെയും ലോകത്തേക്ക് വലിച്ചെറിയാനും ഇങ്ങനെ ഒരുത്തൻ മതി. അതുകൊണ്ടു തന്നെ രക്ഷിതാക്കൾക്ക് ഇത്തരം കാര്യങ്ങൾ പെൺമക്കളോട് ചോദിച്ചറിയാനും സംയമനത്തോടെ ഇടപെടാനും അവൾക്ക് ഒന്നിനെയും പേടിക്കാതെ ജീവിക്കാനുള്ള ആത്മവിശ്വാസത്തോടെ കൂടെ നിൽക്കുവാനും കഴിയണം.

ഇത്തരം വക്രബുദ്ധിയുമായി പ്രണയിക്കാനും വിവാഹാലോചനയും ആയി ഇറങ്ങുന്ന ചെറുപ്പക്കാരാ ആണധികാരത്തിന്റെ മീശപിരിക്കലിന് മുന്നിൽ വിനീത വിധേയരായി വീണുപോകുന്ന പെണ്ണ് നമ്മുടെ സിനിമകളിൽ മാത്രമേ ഉള്ളൂ. പ്രണയവും വിവാഹവുമൊന്നും കേവലം വൈകാരികമായ ഒരു ആവേശത്തിന്റെ പൂർത്തീകരണം അല്ല. ഒരു പെണ്ണിനോട് മോഹം തോന്നിയാലുടൻ അവളെ അങ്ങ് കെട്ടിക്കളയാം എന്ന് ഒരുങ്ങിയിറങ്ങും മുമ്പ് അവൾക്കും ഒരു വ്യക്തിത്വം ഉണ്ട് എന്ന് മനസ്സിലാക്കുക. വിവാഹത്തെക്കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചും അവൾക്കും അവളുടേതായ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകും. ഇതൊന്നും പിടിച്ചുവാങ്ങാൻ പറ്റുന്ന കാര്യമല്ല. ഒരു പുരുഷനോട് പെണ്ണിന് മതിപ്പും ആദരവും തോന്നുന്നത് ഇടപെടലിന്റെ മനോഹാരിത കൊണ്ടാണ്. എല്ലാ പെണ്ണിനേയും ജീവിതപങ്കാളി ആക്കാൻ കഴിയില്ലെങ്കിലും ഇടപെട്ട ഏതൊരു പെണ്ണും ഇഷ്ടത്തോടെയും ആദരവോടെയും ഓർക്കുന്ന ഒരു പുരുഷനായി മാറാൻ കഴിഞ്ഞാൽ അതാണ് ആണത്തം. ഫേസ്‌ബുക്കിൽ ഇരുന്ന് തെറി പറയാനും മര്യാദ പഠിപ്പിക്കാനും നടക്കുന്നവൻ മസിലുപിടിച്ചു ഫോട്ടോ ഇട്ട് സ്വയം സമാധാനിക്കുന്ന സംഗതി അല്ല അത്.

സദാചാരബോധവും മതബോധവും പറഞ്ഞ് അട്ടഹസിച്ചാൽ ഏതൊരു കപടനും ആളുകളുടെ വയടപ്പിക്കാൻ കഴിയുന്ന ഇക്കാലത്ത് പെണ്ണിന്റെ മേൽ അധികാരം കാണിക്കാനുള്ള മുഷ്‌കും ധൈര്യവും കൂടിവരികയാണ് എന്നത് ഓരോ രക്ഷിതാവും ജാഗ്രതയോടെ ഓർക്കുക.

സമ്മർദം സഹിക്കാനാവാതെ നിസ്സഹായാവസ്ഥയിൽ തങ്ങളുടെ മക്കൾ കായലിലോ കയറിലോ ജീവിതം അവസാനിപ്പിച്ചാലോ, കത്തിമുനയിൽ പിടഞ്ഞുവീണാലോ മാത്രമേ രക്ഷിതാക്കൾ പോലും കണ്ണ് തുറക്കൂ എന്ന അവസ്ഥ ഇനിയും ഉണ്ടാവരുത്. നാളെ നമ്മുടെ മകൾ മറ്റൊരു മിഷേൽ ആയി ഒടുങ്ങാതിരിക്കട്ടെ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: