X
    Categories: Video Stories

ഗാസ എപ്പോഴാണ് ഭീകരവാദത്തിന്റെ പ്രതീകമായത്?

കാസര്‍കോട് തുരുത്തിയിലെ ‘ഗാസ സ്ട്രീറ്റി’നെ ഭീകരവാദവുമായി ചേര്‍ത്തുവായിക്കുന്ന മാധ്യമ ബോധം വിചാരണ ചെയ്യപ്പെടുന്നു… അഷ്‌റഫ് തൈവളപ്പ് ഫേസ്ബുക്കില്‍ എഴുതിയത്.

…………………..

ഗാസ എപ്പോഴാണ് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്രമായത്!
കാസര്‍ക്കോട് ജില്ലയിലെ തുരുത്തിയില്‍ പുതുതായി പണിത ഒരു റോഡിന് ഗാസ സ്ട്രീറ്റ് എന്ന പേരു നല്‍കിയത് ഇന്നലെ ഇറങ്ങിയ ടൈംസ് ഓഫ് ഇന്ത്യയില്‍ ഒന്നാം പേജ് വാര്‍ത്തയാണ്. തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുടെ സാന്നിധ്യമാണ് ഇതിനു പിന്നിലെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥലം നിരീക്ഷിക്കുന്നതുമായാണ് വാര്‍ത്ത, കേട്ടപാതി കേള്‍ക്കാത്ത പാതി മറുനാടന്‍ മലയാളിയും മംഗളവും ആവശ്യത്തിന് മസാല ചേര്‍ത്ത് വാര്‍ത്ത ഓണ്‍ലൈനിലും നല്‍കി, അതിലൊട്ടും അത്ഭുതം തോന്നുന്നില്ല. പക്ഷേ South Live Malayalam പോലൊരു മാധ്യമം വരെ ഈ വാര്‍ത്ത ദുരൂഹതകള്‍ നിറച്ച് ഉയര്‍ത്തികാട്ടുന്നത് അത്ഭുതവും ഭയവും തോന്നിക്കുന്നു, മസാലകള്‍ അവരും ആവര്‍ത്തിക്കുന്നു. ചില ചാനലുകളും ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്തു.

ഇസ്ലാമിക തീവ്രവാദികളുടെ പോരാട്ട ചരിത്രം ഇവിടെ തുടങ്ങുന്നുവെന്ന തരത്തിലാണ് ഗാസയെ അവതരിപ്പിക്കാറുള്ളതെന്നും ഇസ്ലാമിക സംഘര്‍ഷത്തിന്റെ പ്രതീകമായാണ് ഗാസയെ വിലയിരുത്തുന്നതെന്നും മറുനാടന്റെ കണ്ടെത്തല്‍. തീര്‍ന്നില്ല, ജിഹാദിനായുള്ള പോരാട്ടം മുസ്ലിംകളില്‍ ആവേശം പടര്‍ത്താനുപയോഗിക്കുന്ന സ്ഥല പേരാണത്രെ ഗാസ. അങ്ങനെയൊരു സ്ഥലത്തിന്റെ പേര് തുരുത്തിയിലെ ഒരു തെരുവിന് നല്‍കിയതില്‍ ഭയങ്കരമാന ദുരൂഹതയുണ്ടെന്നും ലേഖകന്റെ മറ്റൊരു കണ്ടെത്തല്‍. 2016ല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും ഐ.എസില്‍ ചേര്‍ന്നുവെന്ന് വിശ്വസിക്കപ്പെടുന്നതുമായ പടന്ന എന്ന സ്ഥലം ഇതിനടുത്താണെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് മംഗളത്തിലെ ഹൈലൈറ്റ്. സൗത്ത് ലൈവും അതാവര്‍ത്തിക്കുന്നു. പടന്നയും തുരുത്തിയും തമ്മിലുള്ള ദൂരമെങ്കിലും നാട്ടുകാരോട് ചോദിച്ചറിയാനുള്ള സന്‍മനസെങ്കിലും കാണിക്കണമായിരുന്ന ‘അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരെ, (അതെങ്ങനാ, പടന്നയും തുരുത്തിയും തമ്മില്‍ ചേര്‍ത്തു വെക്കുമ്പോഴാണല്ലോ വാര്‍ത്തക്ക് പഞ്ച് കിട്ടുകയുള്ളു).

ഇങ്ങനെയൊരു വാര്‍ത്താ നീക്കത്തിന് പിന്നില്‍ കാസര്‍ക്കോട് നഗരസഭയിലെ ഒരു ബി.ജെ.പി കൗണ്‍സിലറാണെന്ന് വാര്‍ത്ത മുഴുവനും വായിക്കുമ്പോള്‍ വ്യക്തമാണ്. വാര്‍ത്തകള്‍ക്ക് പിന്നാലെ വന്ന കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിന് ഉത്തമ ഉദാഹരണം. ബി.ജെ.പിക്കാര്‍ ആരോപിക്കുന്നുവെന്ന് പറഞ്ഞാല്‍ വാര്‍ത്തക്ക് പഞ്ച് കിട്ടില്ലെന്നും സ്വീകാര്യത ലഭിക്കില്ലെന്നും വാര്‍ത്ത പടച്ചുണ്ടാക്കിയവര്‍ക്കറിയാം.

സ്വാഭാവികമായും തീവ്രവാദ ബന്ധം ആരോപിക്കുന്ന വാര്‍ത്തകളില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ പുട്ടിന് പീരയിടും പോലെ ചേര്‍ക്കാറുള്ള കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, എന്‍.ഐ.എ തുടങ്ങിയവ ഉപയോഗിക്കേണ്ടി വരും. ഇന്നേ വരെ ഐ.ബിയുടെ ഒരു ഉദ്യോഗസ്ഥനെ ഫോണില്‍ പോലും ബന്ധപ്പെടാത്ത ടീംസാണ് ഇങ്ങനെ മസാല അടിച്ചു വിടുന്നതെന്ന് ഓര്‍ക്കണം. ബി.ജെ.പിയും ആര്‍.എസ്.എസും കാസര്‍ക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും വഗീയതയും വിദ്വേഷവും വളര്‍ത്താന്‍ പണി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറേയായി, വര്‍ഗീയ ദ്രുവീകരണം തന്നെയാണ് അവരുടെ ലക്ഷ്യം. ചൂരിയിലെ മദ്രസ അധ്യാപകനെ പള്ളിയില്‍ കയറി വെട്ടിക്കൊന്നതും ഇന്നലെ രാത്രി അതേ സ്ഥലത്ത് വച്ച് ഒരു യുവാവിനെ അകാരണമായി കുത്തി പരിക്കേല്‍പിച്ചതും ഏറ്റവും ഒടുവിലത്തെ ഉദാഹരണം. (സുഹൃത്ത് Sabir Kottappuram ന്റെ വാക്കുകള്‍ കടമെടുത്താല്‍ ഇങ്ങനെ വായിക്കാം; 2009ലാണ് കെ.സുരേന്ദ്രന്‍ കാസര്‍ക്കോട് മത്സരിക്കാനായി കോഴിക്കോട് നിന്നും വണ്ടി കയറുന്നത്. ്രൈകം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2007ല്‍ കാസര്‍ക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഗീയ അസ്വാസ്ഥ്യങ്ങളുടെ എണ്ണം 28 ആയിരുന്നെങ്കില്‍ 2011 ആകുമ്പോഴേക്കും 152 എണ്ണമായി വര്‍ധിച്ചു. 2008ല്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. 2011ല്‍ രണ്ടു പേരും കൊല്ലപ്പെട്ടു).

ഈ ടീംസ് നല്‍കുന്ന വിവരങ്ങളാണ് ഇത്തരം വാര്‍ത്തകളുടെ ആധാരമെന്ന് പറയുമ്പോള്‍ വാര്‍ത്ത പടച്ചുവിടുന്നവര്‍ക്ക് നടുവിരല്‍ നമസ്‌ക്കാരം പറയാതെ തരമില്ല. സയണിസ്റ്റുകളുടെ സമ്മര്‍ദം അതിജീവിച്ച് ഇന്ത്യ എക്കാലത്തും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ജനസമൂഹമാണ് ഫലസീതിനിലേതെന്നും ഗാസ അധിനിവേശ, സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീക നഗരമാണെന്നും ബി.ജെ.പിക്കാര്‍ക്കോ സുരേന്ദ്രനോ അറിയാഞ്ഞിട്ടല്ല, വിഷം വിതക്കുകയാണ് അവരുടെ ലക്ഷ്യം, അതിനായി എന്ത് നെറികേടും അവര്‍ ചെയ്യും. ആ കെണിയില്‍ വീണു പോവുന്ന മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് സഹതാപം മാത്രം. നിങ്ങളൊന്ന് തുരുത്തി വരെ പോവാനുള്ള മനസെങ്കിലും കാണിക്കണം, ഒരു ഭയവും വേണ്ട, ഒരു അതിഥിക്ക് നല്‍കാവുന്നതിനുമപ്പുറമുള്ള സ്നേഹം ആ നാട് നിങ്ങള്‍ക്ക് തരും, ഒരേയൊരു ദിവസം കൊണ്ട് നിങ്ങളുടെ മനസില്‍ കെട്ടിപ്പൊക്കിയ വിഷലിപ്തമായ എല്ലാ മുന്‍ധാരണകളും വീണുടയും. നിങ്ങളുടെ തൂലികകള്‍ അവരുടെ നന്‍മകളിലേക്ക് ചലിക്കില്ലെന്നറിയാം, അവരുടെ ആവശ്യങ്ങള്‍ അധികാരികള്‍ക്ക് മുമ്പില്‍ വരച്ചു കാട്ടാന്‍ ശ്രമിക്കില്ലെന്നറിയാം, അവര്‍ നേരിടുന്ന അവഗണനകള്‍ക്ക് അവസാനമുണ്ടാവില്ലെന്നറിയാം, നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നറിയാം, എങ്കിലും നുണക്കഥകള്‍ പ്രചരിപ്പിച്ച് ഒരു നാടിനെ അപമാനിക്കരുത്!

സംസ്ഥാനത്ത് വികസന കാര്യങ്ങളിലും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഇത്രമാത്രം അവഗണിക്കപ്പെടുന്ന ഒരു ജില്ലയുണ്ടോ വേറെ?. അവഗണനയെ കുറിച്ച് പറഞ്ഞാല്‍ ഒരു വര്‍ഷം എഴുതിയാലും തീരാത്ത ഒരു പരമ്പര തന്നെ തീര്‍ക്കാം. കഴിഞ്ഞ സര്‍ക്കാര്‍, ജില്ലകള്‍ തോറും മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചപ്പോള്‍ കാസര്‍ക്കോടിനും കിട്ടിയിരുന്നു ഒരെണ്ണം; അതിപ്പോള്‍ ശിലയിട്ടിടത്ത് കിടക്കുന്നു, കൂടെ പ്രഖ്യാപിച്ച പല മെഡിക്കല്‍ കോളജുകളും പ്രവര്‍ത്തിച്ചു തുടങ്ങി. കാസര്‍ക്കോടുകാരന്‍ ഒരു പനി ബാധിച്ചാല്‍ പോലും മംഗലാപുരത്തെ അറവുശാലകളിലേക്ക് പോവേണ്ട ഗതികേടിന് ഇന്നും മാറ്റം വന്നിട്ടില്ല, അതേ കുറിച്ച് ആര് പറയും, ആര് കേള്‍ക്കും, പ്രാദേശിക പേജിനപ്പുറം ഇത്തരം വാര്‍ത്തകള്‍ക്ക് പ്രധാന്യം ലഭിക്കാറേയില്ല, (എന്നിട്ടും ഞാനടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ പറയും കാസര്‍ക്കോട് എന്ത് വാര്‍ത്ത ഉണ്ടാക്കാനാണെന്ന്), ഉണ്ടായാല്‍ തന്നെ തീവ്രവാദവും ഭീകരവാദവും സമാസമം ചേര്‍ത്ത് സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തക്ക് ലഭിക്കുന്ന മാര്‍ക്കറ്റ് കിട്ടില്ലല്ലോ!

എത്രയെത്ര നരഹത്യകള്‍, എത്രയെത്ര രക്തസാക്ഷികള്‍, എത്രയെത്ര അഭയാര്‍ഥികള്‍, എത്രയെത്ര ബോംബിങ്ങുകള്‍, എത്രയെത്ര അമേരിക്കന്‍ വീറ്റോകള്‍, എരിഞ്ഞുപോയ എത്രയെത്ര കവിതകള്‍, ആകാശത്തേക്കുയരുന്ന അന്തമില്ലാത്ത പുകച്ചുരുളുകള്‍, നരകസമാനമായ ഒരു ജനതയുടെ ജീവിതം, വിലാപങ്ങളുടെ കണ്ണുനീര്‍ ഒരിക്കലും വിട്ടുമാറാത്ത ഫലസ്തീന്റെ ചിത്രമാണിത്. ഫലസ്തീന്‍ ജനതയുടെ മഹാനായ കവി മെഹ്മൂദ് ദാര്‍വിഷിന്റെ ഒരു കവിത ഇങ്ങനെ:
‘ഒരിക്കലും വിലപേശാനാകാത്ത
മുറിവുകളുടെ പ്രതിനിധിയാകുന്നു ഞാന്‍.
ആരാച്ചാരുടെ പ്രഹരമേറ്റ്
ഞാനെന്റെ മുറിവുകള്‍ക്കു മീതെ
നടക്കാന്‍ ശീലിച്ചിരിക്കുന്നു’

ചന്ദ്രിക വെബ് ഡെസ്‌ക്‌: