ശ്രീനഗര്‍: ജമ്മു, കശ്മീര്‍, ലഡാക് എന്നിടങ്ങളിലെ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 24ന് നടക്കുമെന്ന് ജമ്മുകാശ്മീര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഷീലേന്ദ്ര കുമാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടതിനെതുടര്‍ന്നാണ് അടുത്ത മാസം തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം.
സംസ്ഥാനത്ത് ആകെയുള്ള 316 ബ്ലോക്ക് വികസന സമിതികളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കാലത്ത് ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മാത്രമായിരിക്കും വോട്ടെടുപ്പ്. അന്നുതന്നെ വൈകീട്ട് മൂന്നു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെതുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷന്‍ പരിധികളിലും സി.ആര്‍.പി.സി 144 പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചതായി അമിത് ഷാ അവകാശപ്പെട്ടു.