മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് നാലുമണിക്ക് പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് കെപിസിസി സംഘടന ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര് മട്ടന്നൂരില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി നിര്‍വഹിക്കും. എറണാകുളത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, തിരുവനന്തപുരത്ത് കെ. മുരളീധരന്‍ മുന്‍ എംപി ,കൊല്ലം എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎല്‍എ, വയനാട് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎല്‍എ, കാസറഗോഡ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, പത്തനംതിട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രന്‍, ആലപ്പുഴ കെ.സി. ജോസഫ്, കോട്ടയം ഷാനിമോള്‍ ഉസ്മാന്‍, ഇടുക്കി ജോസഫ് വാഴക്കന്‍, മലപ്പുറം എ.പി. അനില്‍കുമാര്‍ എംഎല്‍എ എന്നിവര്‍ ബ്ലോക്ക് തല പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
സെപ്റ്റംബര്‍ 28ന് ഡിസിസിയുടെ നേതൃത്വത്തില്‍ തേക്കിന്‍കാട് മൈതാനത്ത് മഹാപ്രതിഷേധ സമ്മേളനം നടക്കുന്നതിനാല്‍ തൃശൂര്‍ ജില്ലയിലെ 26 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒഴികെയുള്ള 256 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധ കൂട്ടായ്മ സംസ്ഥാനവ്യാപകമായി നടത്തുന്നത്.