X

അകക്കണ്ണില്‍ ഓര്‍മയുടെ പാട്ട് മൂളി സജ്‌നയും സീനത്തും

പി.വി ഹസീബ് റഹ്മാന്‍

കേരള സ്‌കൂള്‍ കലോല്‍സവത്തിന്റെ ആരവക്കാഴ്ചകളിലേക്ക് അകക്കണ്ണ് കൊണ്ട് ആസ്വാദനത്തിന്റെ ലോകം തുറന്നിടുകയാണ് രണ്ട് ആദ്യകാല പ്രതിഭകള്‍. സ്വരമാധുര്യം കൊണ്ട് ജനഹൃദയങ്ങളെ കയ്യിലെടുത്ത സജ്‌നയും, സീനത്തും. രണ്ട് പേരും സംഗീത അധ്യാപകര്‍. സാമൂതിരി സ്‌കൂളിലെ വേദി രണ്ടില്‍ നിന്ന് നാടക മുറുക്കത്തിനിടെ വൈറ്റ് കെയിന്‍ സഹായത്താല്‍ തപ്പിത്തപ്പി നടന്നു നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരധ്യാപിക അടുത്തേക്ക് ചെന്ന് സലാം പറഞ്ഞു. ‘ടീച്ചറെ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നല്ലേ, സലാം ചൊല്ലലില്‍ തന്നെ സജ്‌ന ആളെ തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. പിന്നെ നേരെ വേദി 20 ശ്രാവസ്തിയിലേക്ക്. ഇരുവരുടെയും വരവിന്റെ ലക്ഷ്യം ഈ വേദിയിലെ മാപ്പിളപ്പാട്ട് അനുഭവിക്കല്‍ മാത്രമല്ല ശിഷ്യരുടെ ആലാപനം കൂടിയായിരുന്നു. കണ്ണില്‍ ഇരുട്ടാണങ്കിലും ഖല്‍ബിലാകെ ഇശലിന്റെ വെളിച്ചമാണിവര്‍ക്ക്.
രണ്ട് പേരും മുന്‍ വര്‍ഷ കലോല്‍സവ മാപ്പിളപ്പാട്ട് താരങ്ങളാണ്. ഗ്രേഡ് സംവിധാനം വരുന്നതിന് മുമ്പ് 1989, 90 വര്‍ഷത്തില്‍ മാപ്പിളപ്പാട്ട്, അറബി പദ്യം എന്നിവയില്‍ ഒന്നാം സ്ഥാനക്കാരി എം.കെ സീനത്തായിരുന്നു. വയനാട് കല്‍പറ്റ പരിയാരം പരേതനായ എം.കെ കുഞ്ഞമ്മദ്, പാത്തു ദമ്പതികളുടെ അഞ്ച് മക്കളില്‍ നാലാമത്തെവളായ സീനത്തിന് ജന്മനാ കാഴ്ചയില്ല. സ്‌കൂള്‍ പഠന കാലത്ത് തന്നെ അത്താണിയായിരുന്ന പിതാവ് നഷ്ടപ്പെട്ടു. പിന്നീടുള്ള ലോകം കൂടുതലും കൊളത്തറ അന്ധവിദ്യാലയത്തില്‍. സ്‌കൂള്‍ പഠനകാലത്ത് മൂന്ന് തവണ സബ് ജില്ല കലാതിലകമായിരുന്നു. 2007 മുതല്‍ ഇതേ വിദ്യാലയത്തില്‍ സംഗീത അധ്യാപികയായി സീനത്തുണ്ട്. മീഞ്ചന്തയിലെ എന്‍.എസ്.എസ് ഹോസ്റ്റലിലാണ് താമസം.
2003ല്‍ മലപ്പുറം, തിരൂരില്‍ നടന്ന സംസ്ഥാന കലോല്‍സവത്തിലാണ് സജ്‌ന മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയത്. കൊളത്തറ കാലിക്കറ്റ് അന്ധവിദ്യാലയത്തിലാണ് തിരുവമ്പാടി കല്ലാരന്‍കെട്ടില്‍ കുഞ്ഞു മൊയ്തീന്റെ മകളായ സജ്‌നയും പഠിച്ചത്. ചിറ്റൂര്‍ ഗവ: മ്യൂസിക് കോളേജില്‍ നിന്ന് സംഗീതത്തില്‍ എം.എ ബിരുദം കരസ്ഥമാക്കിയ സജ്‌നക്ക് ആദ്യ കാലത്ത് നേരിയ കാഴ്ച ഉണ്ടായിരുന്നങ്കിലും പിന്നീട് പാടെ നഷ്ടപ്പെട്ടു. കോഴിക്കോട് കിണാശ്ശേരി ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സംഗീത അധ്യാപികയായ ഈ 39കാരി വിവിധ ചാനലുകളില്‍ മാപ്പിളപ്പാട്ട് ആലാപനത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Chandrika Web: