ഫിര്‍ദൗസ് കായല്‍പ്പുറം
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ കേരളത്തിലെ പ്രതിപക്ഷവും പൊതുസമൂഹവും ആവശ്യപ്പെട്ടത് പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കണം എന്നാണ്. നിര്‍ദ്ദിഷ്ട കെ റെയില്‍ പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടപ്പോഴും ആശങ്കകള്‍ക്ക് അറുതി വരുന്നില്ല. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മുന്‍നിര്‍ത്തി പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും ഗുണദോഷങ്ങളും ദൗര്‍ബല്യങ്ങളും പരിശോധിക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം ചെയ്യേണ്ടത്. അതാണ് സാമാന്യയുക്തി.
അത് ഉണ്ടായില്ലെന്ന് അടിവരയിടുന്നതാണ് ഡി.പി.ആറിന്റെ പ്രാഥമിക വായനയില്‍ വ്യക്തമാകുന്നത്. എന്തു നേട്ടം എന്നതിനേക്കാള്‍ പ്രസക്തമാണ് നഷ്ടങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നത്. കേരളത്തിനു സ്ഥായിയായി വരുത്തിവെച്ചേക്കാവുന്ന നഷ്ടങ്ങളെ കുറിച്ചും അത് ഏത് വിധത്തില്‍ പരിഹരിക്കാം എന്നതിനെക്കുറിച്ചും ഈ പദ്ധതിരേഖ വിശദമാക്കുന്നതേയില്ല. അതുതന്നെയാണ് കെ റെയില്‍ അപ്രായോഗികമെന്ന് അടിവരയിടാന്‍ ഇടയാക്കുന്നതും. തുടര്‍ച്ചയായ പ്രളയങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങളിലും പരിക്കേറ്റ, പൊതുവേ ദുര്‍ബലമായ ഒരു നാടിന് അനുയോജ്യമാണോ റെയില്‍ എന്നതാണ് വിഷയം.
നിര്‍ദിഷ്ട പാതയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍, വന്‍ നിര്‍മ്മാണങ്ങള്‍ കേരളത്തെ വിഭജിക്കുന്നത്, വെള്ളക്കെട്ട് സൃഷ്ടിക്കുന്നത്, നെല്‍വയലുകള്‍ നികത്തപ്പെടുന്നത് തുടങ്ങിയ വലിയ പ്രശ്‌നങ്ങളെ നിസാരവല്‍ക്കരിക്കുകയാണ് പദ്ധതി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കലും കുടിയിറക്കലുമുണ്ടാകും. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരുന്നു. ഇത്തരം വിഷയങ്ങള്‍ക്ക് കേവലം കടലാസ് പരിഹാരം മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായ ഒരു സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയെക്കാള്‍ വലിയ വെള്ളാനയെ സൃഷ്ടിക്കുന്നു. പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടത്തിലോടുന്ന കൊച്ചി മെട്രോ പോലും സര്‍ക്കാരിന് തിരിച്ചറിവ് നല്‍കുന്നില്ല. നിര്‍ദിഷ്ട ശബരിമല വിമാനത്താവളം ലാഭകരമാകുന്നത് 60 വര്‍ഷത്തിന് ശേഷം മാത്രമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആ നിരക്കില്‍ കെ റെയില്‍ ലാഭകരമാകാന്‍ ഒരു നൂറ്റാണ്ടോ അതില്‍ കൂടുതലോ എടുത്തേക്കാമെന്ന് വിദഗ്ധ പക്ഷം. ടിക്കറ്റ് നിരക്ക് എത്ര പേര്‍ക്ക് താങ്ങാന്‍ കഴിയുമെന്നൊന്നും സര്‍ക്കാര്‍ ചിന്തിച്ചിട്ടില്ല.ഇമേജ് രൂപീകരണ ആവശ്യങ്ങള്‍ക്കായി അധികാരികള്‍ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അനുകരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ആ വഴിയില്‍ ബറോഡ, സൂറത്ത് തുടങ്ങിയ വളരെ വലിയ വ്യാവസായിക നഗരങ്ങളുണ്ട്. ബോംബെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ്. അഹമ്മദാബാദ് ഒരു വലിയ ബിസിനസ്സ്, വ്യാവസായിക കേന്ദ്രം കൂടിയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,തൃശൂര്‍, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ അധികം വ്യവസായങ്ങള്‍ ഇല്ല. അതിനാല്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് കെ റെയിലിന്റെ ഗുണഭോക്താക്കള്‍ കരാറുകാരും ക്വാറി ലോബിയും റിയല്‍ എസ്റ്റേറ്റ് ലോബിയുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാകുന്നത്. കേരളത്തിലെ ജനങ്ങള്‍ തലമുറകളോളം കടക്കെണിയിലാകും. കേരളം പോലെ സാമ്പത്തികമായി ദുര്‍ബലവും ജനസാന്ദ്രതയുള്ളതുമായ ഒരു സംസ്ഥാനത്തിന് ഈ പദ്ധതി താങ്ങാനാവില്ല. ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനും എല്ലാം കൃത്യമായ തുക വകയിരുത്തിയിട്ടുണ്ടെന്നും സാമ്പത്തിക ബാധ്യതയുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
പൊളിക്കേണ്ട ദേവാലയങ്ങള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. ആറ് വോള്യങ്ങളായി 3773 പേജുള്ളതാണ് പദ്ധതി രേഖ. പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടും ഡി.പി.ആറില്‍ വ്യക്തമാക്കുന്നു. പരിസ്ഥിതി ആഘാത പഠനം സംസ്ഥാനത്ത് ആരംഭിക്കുന്ന ദിവസം തന്നെയാണ് ഡി.പി.ആറിന്റെ പൂര്‍ണരൂപം പുറത്തുവിട്ടത്. പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ-റെയില്‍ എങ്ങനെ ബാധിക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ ഡി.പി.ആറില്‍ വ്യക്തമാകുന്നുണ്ടെങ്കിലും പരിഹാര നിര്‍ദേശമില്ല.
കേരളത്തിലെയും രാജ്യത്തൊട്ടാകെയുള്ള പരിസ്ഥിതിപ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും അപ്രായോഗികം എന്ന് വിലയിരുത്തിയ ഒരു പദ്ധതിയെ തികച്ചും ഏകാധിപത്യ പ്രവണതയോടെ അടിച്ചേല്‍പ്പിക്കുന്ന വികസനത്തിന്റെ വികല സംസ്‌കാരത്തിന് കൂടിയാണ് കെ റെയില്‍ തുടക്കം കുറിക്കുന്നത്.