തിരുവനന്തപുരം: ജനങ്ങള്‍ അന്ധവിശ്വാസത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് സ്വാമി അഗ്നിവേശ് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസത്തിന് ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ ഉളളടക്കം നല്‍കണം. കേന്ദ്ര സര്‍ക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും അന്ധവിശ്വാസമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തേണ്ടത് അനിവാര്യമാണ്. വിജ്ഞാന വിരോധത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസും ബി.ജെ.പിയും യുവാക്കളെ നയിക്കുന്നതെന്നും സ്വാമി പറഞ്ഞു.
നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിന് കൂടുതല്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. മാനവികത, സഹാനുഭൂതി മുതലായ മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ കൂട്ടികള്‍ക്ക് ലഭിക്കണം. ശാസ്ത്രബോധവും വിജ്ഞാനവുമുളള സൂഹത്തെ വളര്‍ത്തിയെടുക്കേണ്ടതു സര്‍ക്കാരുകളുടെ കര്‍ത്തവ്യമാണെന്ന് ഭരണഘടന തന്നെ അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഈ ലക്ഷ്യം അവഗണിക്കുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസ രീതി. ജനങ്ങളെ അന്ധവിശ്വാസത്തില്‍നിന്ന് മോചിപ്പിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമം വിദ്യാഭ്യാസമാണെന്നും സ്വാമി പറഞ്ഞു. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയുടെ നിലപാടുകളെയും സ്വാമി പ്രശംസിച്ചു. സര്‍ക്കാരിന് അദ്ദേഹം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. തന്റെ ‘അപ്ലൈഡ് സ്പിരിച്ച്വാലിറ്റി എന്ന ഗ്രന്ഥം മുഖ്യമന്ത്രിക്ക് അദ്ദേഹം സമ്മാനിച്ചു.