X

ജയത്തോടെ ബ്ലാസ്റ്റേര്‍സ് മുന്നോട്ട്; സെമി സാധ്യത

കൊച്ചി: ഐഎസ്എല്ലില്‍ പൂനെ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേര്‍സിന് 2-1ന്റെ ജയം. ക്യാപ്റ്റന്‍ ഹ്യൂസിന്റെയും ഹെയ്തി താരം നാസോണിന്റെയും ഉജ്വല ഗോളുകളുടെ മികവിലാണ് ആതിഥേയര്‍ ഹോംഗ്രൗണ്ടിലെ തുടര്‍ച്ചയായ നാലാം ജയം നേടിയത്. ജയത്തോടെ കേരളം സെമി സാധ്യത നിലനിര്‍ത്തി.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ ഹെയ്തി താരം നാസോണാണ് കേരളത്തിനായി അക്കൗണ്ട് തുറന്നത്.

watch first goal:

തുടര്‍ന്ന്‌ ആദ്യ പകുതിയില്‍ ഒട്ടേറെ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ ബ്ലാസ്‌റ്റേര്‍സ് താരങ്ങള്‍ക്കായില്ല. പലപ്പോഴും വിലങ്ങുതടിയായത് പോസ്റ്റിനു മുന്നില്‍ മഹാമേരുവായി നിന്ന പൂനെ ഗോള്‍കീപ്പര്‍ എദെല്‍ ബെറ്റെ തന്നെ.

ആദ്യ പകുതിയുടെ തുടര്‍ച്ച തന്നെയായിരുന്നു രണ്ടാം പകുതിയിലും. ഇടതടവില്ലാതെ ബ്ലാസ്റ്റേര്‍സ് മുന്നേറ്റങ്ങള്‍ക്കിടെ രണ്ടാം ഗോള്‍പിറന്നു. 57ാം മിനിറ്റില്‍ റാഫിയുടെ ഗോള്‍ ശ്രമം പൂനെ പ്രതിരോധം രക്ഷപ്പെടുത്തിയപ്പോള്‍ ലഭിച്ച കോര്‍ണറിലാണ് ഗോള്‍ വന്നത്. ഇഷ്ഫാഖിന്റെ കോര്‍ണര്‍ പോസ്റ്റിലേക്ക് വിനീത് മറിച്ചിട്ടത് ഹ്യൂസ് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി.

പിന്നീട് പന്ത് കൈവശം വെച്ച് പൂനെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയായിരുന്നു ബ്ലാസ്റ്റേര്‍സ്. എന്നാല്‍ എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളില്‍ അബിദല്‍ പൂനെക്കായി ഒരു ഗോള്‍ മടക്കിയത് സമ്മര്‍ദം സൃഷ്ടിച്ചെങ്കിലും കൂടുതല്‍ വില കൊടുക്കാതെ കേരളം മത്സരം സ്വന്തമാക്കി.

മുംബൈ സെമി ഉറപ്പാക്കിയതിനാല്‍ അവശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്കാണ് ലീഗില്‍ ഇനിയുള്ള മത്സരം. ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്തേക്ക് കയറി. ഇത്ര തന്നെ പോയിന്റുള്ള കൊല്‍ക്കത്ത ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
ഒരു ഹോം മത്സരവും  ഒരു എവേ മത്സരവുമാണ് കേരളത്തിന് ഇനി അവശേഷിക്കുന്നത്. 29ന് കൊല്‍ക്കത്തയിലും ഡിസംബര്‍ നാലിനു കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുമാണ് മറ്റു അങ്ക ങ്ങള്‍. മൂന്നു കളികളും ജയിച്ചാല്‍ 24 പോയിന്റ് കേരളത്തിനു സ്വന്തമാക്കാം. ഗോള്‍ ശരാശരിയാണ് കേരളത്തിന് വിലങ്ങുതടിയാകുന്നത്. ഒരു അധിക ഗോള്‍ ശരാശരിയില്‍ മുംബൈക്കെതിരെ കളിച്ച കേരളം, മത്സരം അവസാനിപ്പിച്ചത് മൈനസ് നാലു ഗോളിന്റെ വ്യത്യാസത്തിലായിരുന്നു.

chandrika: