ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അവസാന ലീഗ് മത്സരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ ഷീല്‍ഡ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനം നേടിയ ഹൈദരാബാദ് എഫ്‌സി. കിക്കോഫ് വൈകിട്ട് 7ന്. ലീഗ് റൗണ്ടിലെ അവസാന മത്സരം കൂടിയാണിത്.
രണ്ടാം സ്ഥാനക്കാരായി ഹൈദരാബാദ് എഫ്‌സി സെമിഫൈനലും, ആദ്യ ആറ് സ്ഥാനങ്ങളിലെത്തി ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫും ഉറപ്പാക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. നിലവില്‍ 19 മത്സരങ്ങളില്‍ നിന്ന് 10 ജയവുമായി 31 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ പ്ലേഓഫ് കളിക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം വന്‍ മാര്‍ജിനില്‍ ജയിക്കണം. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച ബ്ലാസ്‌റ്റേഴ്‌സിന് അവസാന രണ്ട് മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം.
ഹോം ഗ്രൗണ്ടില്‍ കഴിഞ്ഞ ആറ് മത്സരങ്ങളിലും തോല്‍വി അറിയാത്ത ബ്ലാസ്‌റ്റേഴ്‌സ്, ഇന്ന് ഒഴുകിയെത്തുന്ന കാണികള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായ ഏഴാം ജയത്തോടെ ലീഗ് റൗണ്ട്് അവസാനിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാരായ മുംബൈ എഫ്‌സിയും ഹൈദരാബാദും സെമിഫൈനലില്‍ പ്രവേശിച്ചു കഴിഞ്ഞു. രണ്ട് പ്ലേഓഫ് മത്സരങ്ങളിലെ വിജയികളാണ് ഇനി സെമിയില്‍ പ്രവേശിക്കുക. ടേബിളിലെ മൂന്നും നാലും സ്ഥാനക്കാര്‍ക്ക് ഹോം ഗ്രൗണ്ടില്‍ പ്ലേ ഓഫ് കളിക്കാനാവും. മൂന്നാം സ്ഥാനക്കാരായ ഏ.ടി.കെ മോഹന്‍ ബഗാന് 34 പോയിന്റുണ്ട്.
ഇന്നലെയവര്‍ രണ്ട് ഗോളിന് ബദ്ധ വൈരികളായ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചിരുന്നു. ബെംഗളൂരുവിനും 34 ഉണ്ട്. ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചാല്‍ മൂന്ന് ടീമുകള്‍ക്കും തുല്യ പോയിന്റാവും. അങ്ങനെ വന്നാല്‍ പരസ്പരം കളിച്ചതിന്റെ മുന്‍തൂക്കത്തില്‍ ബഗാന്‍ മൂന്നാം സ്ഥാനക്കാരാവും. പരസ്പരം മത്സരിച്ച കണക്കുകളില്‍ ബ്ലാസ്റ്റേഴ്‌സും ബെംഗളൂവും തുല്യമായതിനാല്‍ ഗോള്‍ വ്യത്യാസം കണക്കാക്കിയാവും നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുക. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബെംഗളൂരുവിന് ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ മൂന്ന് അധിക ഗോള്‍ മുന്‍തൂക്കമുണ്ട്. നാല് ഗോള്‍ വ്യത്യാസത്തില്‍ ഹൈദരാബാദിനെ തോല്‍പിച്ചാല്‍ ബാസ്റ്റേഴ്‌സിന് നാലാം സ്ഥാനക്കാരാവാം. അങ്ങനെ വന്നാല്‍ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിലായിരിക്കും ആദ്യ പ്ലേഓഫ് പോരാട്ടം. എടികെ ബഗാനും ഒഡീഷ എഫ്‌സിയും തമ്മിലാവും രണ്ടാം പ്ലേഓഫ്. മാര്‍ച്ച് 3,4 തീയതികളിലാണ് പ്ലേഓഫ്. 7ന് മുംബൈ എഫ്‌സിയും ആദ്യ പ്ലേഓഫിലെ ജേതാക്കളും ആദ്യ സെമിഫൈനല്‍ കളിക്കും. 9ന് രണ്ടാം സെമിയില്‍ ഹൈദരാബാദ് എഫ്‌സി രണ്ടാം പ്ലേഓഫിലെ വിജയികളെ നേരിടും. മാര്‍ച്ച് 18ന് ഗോവയിലാണ് കലാശക്കളി.