ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു, ഹോം ഗ്രൗണ്ടില്‍ മലയാളി താരം സി.കെ വിനീത് നേടിയ ഒറ്റ ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം കുറിച്ചത്. 25ാം മിനുറ്റിലായിരുന്നു വിനിതീന്റെ ഹെഡ്ഡറില്‍ മഞ്ഞപ്പടയുടെ വിജയ ഗോള്‍.
ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് രണ്ടാം പകുതി മുഴുവനും നോര്‍ത്ത് ഈസ്റ്റ് പത്തു പേരുമായി ചുരുങ്ങിയെങ്കിലും ഇത് മുതലെടുക്കാനും ലീഡുയര്‍ത്താനും ബ്ലാസ്റ്റേഴ്‌സിനായില്ല. മികച്ച കളി പുറത്തെടുക്കുന്നതില്‍ ഇരു ടീമുകളും പരാജയപ്പെട്ടു. ആദ്യ ജയത്തോടെ ആറു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. 22ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെ എവേ ഗ്രൗണ്ടിലാണ് അടുത്ത മത്സരം. വലതു വിങിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ കളി. റിനോ ആന്റോയും ജാക്കിചന്ദ് സിങും അധ്വാനിച്ചു കളിച്ചു.
ഐ.എസ്.എല്‍ ആദ്യ മത്സരത്തിനിറങ്ങിയ വെസ് ബ്രൗണ്‍ ഡിഫന്‍സീവ് മീഡ്ഫീല്‍ഡറുടെ റോളില്‍ തിളങ്ങി. ദിമിതര്‍ ബെര്‍ബറ്റോവിന്് പരിക്കേറ്റതാണ് ബ്രൗണിനെ നേരത്തെ കളത്തിലിറക്കാന്‍ കോച്ചിനെ പ്രേരിപ്പിച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ പല മുന്നേറ്റങ്ങള്‍ക്കും ബ്രൗണ്‍ തടയിട്ടു. മുന്‍നിരയിലേക്ക് പലവട്ടം പന്തെത്തിക്കുകയും ചെയ്തു. ഗോവക്കെതിരെ പതറിപ്പോയ പ്രതിരോധം നോര്‍ത്തിനെതിരെ കരുത്തോടെ തിരിച്ചുവന്നു. ആദ്യ പകുതിയുടെ തുടക്കത്തില്‍ ഇരു ബോക്‌സുകളിലേക്കും മാറിമാറി പന്തെത്തി. ആറാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രത്യാക്രമണം. മധ്യനിരയില്‍ നിന്ന് വലത് വിങിലേക്ക് വെസ് ബ്രൗണിന്റെ ലോങ് പാസ്, ജാക്കിചന്ദ് സിങിന്റെ ഗോള്‍ശ്രമം. പിന്നാലെ പെക്കൂസണിന്റെ ലോങ്പാസില്‍ ലീഡെടുക്കാനുള്ള അവസരം, സിഫ്‌നിയോസിന്റെ ഷോട്ട് വലക്ക് മുകളിലൂടെ പറന്നു. 25ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. സന്ദേശ് ജിങ്കാനാണ് ഗോള്‍ നീക്കം തുടങ്ങിയത്. സ്വന്തം ബോക്‌സില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റിന്റെ ബോക്‌സിലേക്ക് ജിങ്കാന്‍ തൊടുത്ത ലോങ് ക്രോസുമായി വലതു വിങിലൂടെ റിനോ ആന്റോയുടെ മുന്നേറ്റം. വടക്കു കിഴക്കുകാരുടെ ഗോള്‍മുഖത്തേക്ക് നല്‍കിയ ക്രോസില്‍ കൃത്യമായി വിനീത് പറന്നെത്തി. തല കൊണ്ട് ചെത്തിയിട്ട പന്ത് വലയില്‍ തന്നെ വീണു. ഒറ്റ ഗോളില്‍ ആത്മവിശ്വാസം വീണ്ടെടുത്ത ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ ആക്രമണങ്ങള്‍ മെനഞ്ഞു. 42ാം മിനുറ്റില്‍ സിഫ്‌നിയോസിനെ ഗോളി ഫൗള്‍ ചെയ്തതിന് വലിയ വില നല്‍കേണ്ടി വന്നു നോര്‍ത്ത് ഈസ്റ്റ്.
സിഫ്‌നിയോസിനെ തടയാന്‍ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് മുന്നില്‍ കയറി. ബോക്‌സിന് പുറത്ത് നിന്ന് പന്ത് തട്ടാനുള്ള ശ്രമത്തിനിടെ കേരള സ്‌ട്രൈക്കര്‍ കാല്‍ തട്ടി വീണു, റഫറിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ചുവപ്പുകാര്‍ഡ് കണ്ട്് രഹനേഷ് പുറത്തായി. ലക്ഷ്യബോധമില്ലാത്ത ഷോട്ടുകളായിരുന്നു പെക്കൂസണിന്റേത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ടു അവസരങ്ങള്‍ താരം പാഴാക്കി. 57ാം മിനുറ്റില്‍ ലീഡെടുക്കുമെന്ന് തോന്നിച്ച ബ്ലാസ്‌റ്റേഴ്‌സിനെ ഭാഗ്യം തുണച്ചില്ല. ലാല്‍റുവത്താര ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തായി. 88ാം മിനുറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച തുറന്ന അവസരം നോര്‍ത്ത് ഈസ്റ്റും പാഴാക്കി.