അഷ്‌റഫ് തൈവളപ്പ്
ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഏഴാം അങ്കം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിക്കെതിരെയുള്ള ആദ്യ സതേണ്‍ ഡെര്‍ബിക്ക് ഇന്ന് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7ന് കിക്കോഫ്. ഇന്ന് മികച്ച മാര്‍ജ്ജിനില്‍ മത്സരം ജയിച്ചാല്‍ ദീപാവലി മധുരമെന്ന പോലെ കേരളത്തിന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കു കയറാം. ആദ്യ രണ്ടു മത്സരങ്ങളില്‍ തോറ്റ് പട്ടികയില്‍ ഏറെ പിന്നിലായി പോയ കേരളത്തിന് ലീഗിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ അപ്രമാദിത്യം നേടാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്ന്. ആദ്യ സീസണില്‍ ഏറ്റവും പിറകില്‍ നിന്ന ശേഷമായിരുന്നു ടീം ഫൈനല്‍ വരെയെത്തിയത്. അന്ന് ആറു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വെറും ഏഴു പോയിന്റ് മാത്രമായിരുന്നു ടീമിന്റെ സമ്പാദ്യം.
സീസണിന്റെ തുടക്കത്തിലുണ്ടായിരുന്ന ടീമല്ല ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍, തോല്‍വിയില്‍ നിന്ന് കരകയറിയ ടീം ഓരോ മത്സരത്തിലും മെച്ചപ്പെട്ടു. അവസാന നാലു മത്സരങ്ങളില്‍ ടീം തോല്‍വിയറിഞ്ഞിട്ടില്ല, ആറു മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയവും സമനിലയും തോല്‍വിയുമായി എട്ടു പോയിന്റോടെ ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍. ടീമെന്ന നിലയില്‍ ഏറെ മികവുറ്റ കളിയായിരുന്നു ഗോവക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. പ്രതിരോധത്തിന് എന്നത്തെയും പോലെ ശോഭിച്ചു നിന്നു, മധ്യനിരയില്‍ നിന്ന് മികച്ച നീങ്ങളുണ്ടായി. ആദ്യ പകുതിയില്‍ മുന്നേറ്റതാരങ്ങള്‍ക്കുണ്ടായ പിഴവുകള്‍ മാത്രമാണ് ഏക അപവാദം. ഇന്നും ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ആരോണ്‍ ഹ്യൂസും ഹെങ്ബാര്‍ത്തും അടങ്ങുന്ന പ്രതിരോധ സഖ്യം ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ ജോടിയെന്ന വിശേഷണം നേടികഴിഞ്ഞു. മധ്യനിരയില്‍ അസ്‌റാക് മെഹ്മാതിന്റെയും മെഹ്താബ് ഹുസൈന്റെയും പ്രകടനം ശ്രദ്ധേയമാകുന്നു. ഉജ്ജ്വലഫോമിലാണ് ബെല്‍ഫോര്‍ട്ട്. ഗോവക്കെതിരെ പരിക്കേറ്റ് പുറത്ത് പോയ ചോപ്ര ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. പക്ഷേ ഇന്നിറങ്ങാന്‍ സാധ്യതയില്ല, റാഫിക്കൊപ്പം ജെര്‍മയ്‌നായിരിക്കും മുന്നേറ്റത്തില്‍. യുവതാരം തോങ്കോസിം ഹോകിപിന് ഇന്ന് അവസരം നല്‍കുമോയെന്ന് കണ്ടറിയണം.
അഞ്ചു മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയ ചെന്നൈയിന് എട്ടു പോയിന്റാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ മുന്നിലാണ്. മെന്‍ഡിയും റീസെയും നയിക്കുന്ന പ്രതിരോധം തന്നെയാണ് ചെന്നൈയിന്റെയും കരുത്ത്. പക്ഷേ ആറു ഗോളുകള്‍ ഇതുവരെ വഴങ്ങിയിട്ടുണ്ട്്. ഏഴു ഗോളുകള്‍ എതിര്‍വലയിലാക്കുകയും ചെയ്തു. ചെന്നൈയിനെതിരെ അവരുടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ ജയിക്കാനായിട്ടില്ല. ഇതുവരെ അഞ്ചു മത്സരങ്ങളില്‍ മൂന്നിലും ചെന്നൈയിന്‍ ജയിച്ചു. കേരളത്തിന് ജയിക്കാനായത് ഒരിക്കല്‍ മാത്രം. ചെന്നൈയില്‍ ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തില്‍ 4-1നായിരുന്നു ആതിഥേയരുടെ വിജയം.