കൊല്‍ക്കത്ത: ജയിക്കണം. മൂന്ന് പോയിന്റ് സ്വന്തമാക്കണം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണം. ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിനെ എതിരിടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിന്റെ ലക്ഷ്യം ഇത് മാത്രം. ഒരു സാഹചര്യത്തിലും തോല്‍ക്കരുത്. സമനിലയുമരുത്. ജയിക്കുക തന്നെ വേണം. കോച്ച് ഇവാന്‍ വുകുമനോവിച്ച് ഇക്കാര്യം വളരെ വ്യക്തമായി പറയുന്നു. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം അവസാന ഹോം മല്‍സരത്തില്‍ രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്തത് വഴി നിലവില്‍ ടേബിളില്‍ മൂന്നാം സ്ഥാനത്താണ് മഞ്ഞപ്പട.
ഇന്ന് ജയിക്കാനായാല്‍ മൂന്നാം സ്ഥാനത്ത് തുടരാം. പ്ലേ ഓഫില്‍ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് അവസരം. ഇതില്‍ മുംബൈയും ഹൈദരാബാദും ആ സ്ഥനം ഉറപ്പിച്ചിരിക്കെ ഇനി ബാക്കിയുള്ളത് രണ്ടേ രണ്ട്് ബെര്‍ത്തുകള്‍ മാത്രമാണ്. ഈസ്റ്റ് ബംഗാള്‍ ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. സ്റ്റീഫന്‍ കോണ്‍സന്റൈന് പരിശീലിപ്പിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യത തെല്ലുമില്ല. അവസാന മല്‍സരത്തില്‍ അവര്‍ 2-4 ന് എഫ്.സി ഗോവയോട് അടിയറവ് പറഞ്ഞിരുന്നു. താരങ്ങളുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട വിലക്ക് നീക്കിയ സാഹചര്യത്തില്‍ പുതിയ സീസണ്‍ മുന്‍നിര്‍ത്തി ഈസ്റ്റ് ബംഗാളിന് കുടുതല്‍ താരങ്ങളെ റിക്രൂട്ട് ചെയ്യാം. പുതിയ താരം ജെയിക് ജെര്‍വിസിനെ ഇന്ന് രംഗത്തിറക്കുമെന്നും കോച്ച് സൂചിപ്പിച്ചു. പരുക്കേറ്റ ഡിഫന്‍ഡര്‍ മാര്‍കോ ലെസ്‌കോവിച്ച് ഇന്നും കളിക്കില്ലെന്ന് വുകുമനോവിച്ച് വ്യക്തമാക്കി.
ടീമില്‍ പുതുതായി എത്തിയ ഡാനിഷ് ഫാറുഖിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാനും സാധ്യത കുറവാണ്. ഫിറ്റ്‌നസ് തെളിയിച്ച് സഹല്‍ അബ്ദുള്‍ സമദ്, കെ.പി രാഹുല്‍ എന്നിവര്‍ ആദ്യ ഇലവനില്‍ വരും. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍. രാത്രി 7-30 മുതല്‍ തല്‍സമയം.