X

മുന്നില്‍ ബ്ലാസ്റ്റേഴ്‌സ്- കമാല്‍ വരദൂര്‍

കമാല്‍ വരദൂര്‍

നാളെയാണ് കലാശം. ജയമെന്നതാണ് അവസാന പോരാട്ടത്തിലെ മുഖമുദ്രവാക്യം. 90 മിനുട്ട് ദീര്‍ഘിക്കുന്ന അങ്കത്തില്‍ തല താഴ്ത്തിയാല്‍ സമ്പാദ്യം സഹതാപവും കുറ്റപ്പെടുത്തലുകളും മാത്രമായിരിക്കും. അങ്ങനെ കളിച്ചിരുന്നെങ്കില്‍ ഇങ്ങനെ ജയിക്കാമായിരുന്നു എന്ന വിശകലനങ്ങള്‍ വരുമ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാവും കളിക്കാരും കോച്ചുമെല്ലാം. ഇത് വരെയുള്ള പ്രകടനങ്ങളുടെ വിലയിരുത്തല്‍ കൊണ്ട് ഫൈനലില്‍ കാര്യമില്ല. നാളെ വിത്യസ്ത ദിവസമാണ്. പുതിയ മല്‍സരമാണ്. ഫത്തോര്‍ഡയില്‍ നിറയെ കാണികളും പുതിയ സാഹചര്യങ്ങളും. കാണികളുടെ സാന്നിദ്ധ്യത്തില്‍ കളിക്കാനാണ് എല്ലാ കളിക്കാര്‍ക്കും താല്‍പ്പര്യം. പക്ഷേ പോയ രണ്ട് വര്‍ഷത്തില്‍ കാണികളുണ്ടായിരുന്നില്ലല്ലോ….. ഹൈദരാബാദുകാര്‍ അപ്രതീക്ഷിതമായി മുന്നേറിയവരാണ്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയവര്‍. പക്ഷേ ഈ സീസണില്‍ വ്യക്തിഗത മികവാണ് ടീമിന്റെ കുതിപ്പിന് നിദാനമായതെന്ന് അവരുടെ കളികള്‍ വിലയിരുത്തിയാല്‍ വ്യക്തമാവും. ബര്‍ത്തലോമിയോ ഓഗ്ബജേ എന്ന നൈജീരിയക്കാരനായിരുന്നു വിജയിച്ച മല്‍സരങ്ങളിലെ വ്യക്തിപ്രഭാവം. അദ്ദേഹം കളിക്കാത്ത മല്‍സരങ്ങളില്‍ ടീം പിറകോട്ട് പോയി. മധ്യനിരയില്‍ ജാവോ വിക്ടര്‍, എദു ഗാര്‍സിയ, പ്രതിരോധത്തില്‍ ആകാശ് മിശ്ര, ഗോള്‍വലയത്തില്‍ ലക്ഷ്മികാന്ത് കട്ടിമണി എന്നിവരെല്ലാം വ്യക്തിഗത മികവ് പ്രകടിപ്പിക്കുന്നവരാണ്. സെമിയിലെ രണ്ടാം പാദത്തില്‍ ഏ.ടി.കെ മോഹന്‍ബഗാനെതിരെ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത് കട്ടിമണിയായിരുന്നു. വ്യക്തിഗത മികവില്‍ ഒരു ടീമിന് എത്ര മാത്രം മുന്നോട്ട് പോവാനാവുമെന്നതിന് തെളിവായിരുന്നു ഹൈദരാബാദിന്റെ മല്‍സരക്കളത്തിലെ ആരോഹണാവരോഹണങ്ങള്‍. ബ്ലാസ്‌റ്റേഴ്‌സ് സംഘത്തില്‍ വ്യക്തിഗത മികവ് പ്രകടിപ്പിക്കുന്നവരുണ്ട്. പക്ഷേ ടീം എന്ന നിലയില്‍ ആധികാരികത പ്രകടിപ്പിക്കുന്നത് അവരാണ്. നവംബര്‍ 19 ലെ ആദ്യ മല്‍സരം മുതല്‍ ബ്ലാസ്‌റ്റേഴ്‌സിലുടെ വന്നാല്‍ ടീമിന്റെ ക്രമാനുഗത കരുത്ത് അറിയാം. ഉദ്ഘാടന മല്‍സരത്തില്‍ ഏ.ടി.കെ മോഹന്‍ബഗാന് മുന്നില്‍ 4-2 ന് തോറ്റവര്‍. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ സമനില വഴങ്ങി. നാലാം മല്‍സരത്തില്‍ ഒഡീഷയെ 2-1 ന് പരാജയപ്പെടുത്തിയപ്പോള്‍ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതോടെ ആകെ മാറാന്‍ തുടങ്ങി. ചെന്നൈയിനെയും അതേ മാര്‍ജിനില്‍ തോല്‍പ്പിച്ചതിന് പിറകെ ജംഷഡ്പ്പൂരിനെയും ഗോവയെയും തളച്ചു. ഹൈദരാബാദിനെ ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍ ഒഡീഷയെ വീണ്ടും തോല്‍പ്പിച്ചു. ടീമിനെ കോവിഡ് ബാധിച്ചത് പ്രശ്‌നമായതിന് തെളിവെന്നോണം ബെംഗളൂരുവിനോട് പരാജയപ്പെട്ടു. ജംഷഡ്പ്പൂരിനോടും ഹൈദരാബാദിനോടും റിട്ടേണ്‍ മല്‍സരത്തില്‍ തോറ്റ ശേഷമാണ് അവസാനത്തില്‍ ടീം തിരികെ വന്നത്. ആ മികവ് സെമിയിലും കണ്ടു. സാധാരണ ഗതിയില്‍ താരങ്ങള്‍ സ്വന്തം റോളുകള്‍ ഭദ്രമാക്കുന്നവരാണ്. പ്രത്യേകിച്ച് വിദേശ താരങ്ങള്‍. പക്ഷേ ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിന്റെ വിദേശ താരങ്ങളെല്ലാം കയറിയും ഇറങ്ങിയും മനോഹരമായി കളിക്കുന്നു. നായകന്‍ അഡ്രിയാന്‍ ലുന, അല്‍വാരോ വാസ്‌ക്കസ്, ലെസ്‌കോവിച്ച്, പെരേര എന്നിവരെല്ലാം മൈതാനത്തുടനീളം പറന്ന് കളിക്കുമ്പോള്‍ ഈ ഊര്‍ജ്ജം മറ്റുള്ളവരിലേക്കും എത്തുന്നു. ഇവിടെയാണ് ഹൈദരാബാദില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സ് വിത്യസ്തമാവുന്നത്. വ്യക്തിഗത മികവിലും ടീം എന്ന നിലയിലും ബ്ലാസ്‌റ്റേഴ്‌സ് വിദേശ താരങ്ങള്‍ സ്വയം സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ താരങ്ങളും ഊര്‍ജ്ജസ്വലരായി കളിക്കുമ്പോള്‍ ടീമിന്റെ സ്പിരിറ്റ് വളരെ ഉയരത്തിലാണ്. ഫൈനലിലും ആ മികവ് ആവര്‍ത്തിക്കപ്പെട്ടാല്‍ നല്ല മാര്‍ജിനില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനാവും,.

 

Test User: