കൊച്ചി: കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ ആരായിരിക്കും വിജയി എന്നതാണ് എല്ലാ ഫുട്‌ബോള്‍ പ്രേമികളും ഉറ്റുനോക്കുന്നത്. വൈകുന്നേരം ഏഴിന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റികോ കൊല്‍ക്കത്തയും ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്‌സ് ആരാധകപ്രശംസയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും കളിയില്‍ കപ്പുയര്‍ത്തി അവര്‍ മാസ്റ്റേഴ്‌സ് ആകുമോ എന്നതുതന്നെയാണ് ഏവരും കാത്തിരിക്കുന്നത്.
സ്വന്തം തട്ടകത്തില്‍ കിരീടം നേടുകയെന്ന ലക്ഷ്യത്തിലുറച്ച് ബ്ലാസ്റ്റേഴ്‌സ് മുന്നേറുമ്പോള്‍ കപ്പ് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കൊല്‍ക്കത്തയും രംഗത്തുണ്ട്. ആദ്യമത്സരങ്ങളിലെ തിരിച്ചടിക്ക് ശേഷം ശക്തമായി തിരിച്ചുവന്നവരാണ് ബ്ലാസ്‌റ്റേഴ്‌സ്. മിക്ക മത്സരങ്ങളിലും ആദ്യപകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചിരുന്നതെങ്കിലും ഡല്‍ഹിക്ക് മുന്നില്‍ പതറിയിരുന്നു. അതുകൊണ്ടുതന്നെ ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ കളി. വിനിതും റഫീഖുമായിരിക്കും കൊല്‍ക്കത്തയുടെ നോട്ടപുള്ളികള്‍. എന്നാല്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സ് ഭയക്കുകയും വേണം. സികെ വിനീതിനൊപ്പം ബെല്‍ഫോര്‍ട്ടും ഡങ്കന്‍ നസോണും ഒന്നിച്ചു കുതിക്കുകയാണെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്നേറാമെന്നാണ് കണക്കുകൂട്ടുന്നത്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, സൗരവ് ഗാംഗുലി, നിത അംബാനി, മുകേഷ് അംബാനി തുടങ്ങിയ വിവിഐപി കള്‍ ഉള്‍പ്പെടുന്ന വന്‍നിര എത്തുമെന്നതിനാല്‍ തന്നെ സ്റ്റേഡിയത്തില്‍ വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കനത്ത പോലീസ് സന്നാഹമാണ് സ്‌റ്റേഡിയത്തിലും പരിസരത്തും വിന്യസിച്ചിരിക്കുന്നത്. മൂന്നുമണിയോടെ തന്നെ കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. വെള്ളംകുപ്പി, പുകയില തുടങ്ങിയവക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. സ്റ്റേഡിയത്തില്‍ 48 ഇടങ്ങളിലായി കുടിവെള്ളം ലഭിക്കാനുള്ള സൗകര്യമുണ്ടായിരിക്കും.
ടിക്കറ്റുകള്‍ ലഭിക്കാത്തതുകൊണ്ട് കാണികള്‍ കടുത്ത നിരാശയിലായിരുന്നു. പലയിടത്തും കരിഞ്ചന്തകള്‍ തലയുയര്‍ത്തിയിരുന്നു. അവസാന ഘട്ടത്തിലും ടിക്കറ്റിനായി ആരാധകര്‍ നെട്ടോട്ടമോടുമ്പോഴും കാല്‍പ്പന്തുകളിയിലെ കപ്പ് ആര്‍ക്കെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.